ന്യൂഡൽഹി : ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തിൻ്റെ ഭീകരത വെളിപ്പെടുത്തി വ്യോമസേനാ ഉദ്യോഗസ്ഥൻ.
വലിയ തോതില്‍ ജനങ്ങള്‍ ഒത്തുകൂടാൻ തുടങ്ങിയപ്പോള്‍ അത് ഒഴിവാക്കാൻ പരമാവധി ശ്രമം നടത്തിയെന്നും, ആളുകള്‍ക്ക് അതിനാവശ്യമായ നിർദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും വ്യോമസേനാ ഉദ്യോഗസ്ഥൻ അജിത്ത് പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നിനിടെ ആയിരുന്നു ഉദ്യോഗസ്ഥൻ ഈ ദുരന്തത്തിന് ദൃക്‌സാക്ഷിയായത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ വേണ്ടി എല്ലാ ശ്രമങ്ങളും നടത്തുകയും അവരോട് അഭ്യർഥിക്കുകയും ചെയ്തു. എന്നിട്ടും അവരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. നിർദേശങ്ങളൊന്നും ശ്രദ്ധിക്കാൻ അവർ തയ്യാറായില്ല. ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇത്രയും വലിയ ജനക്കൂട്ടം പ്രതീക്ഷിച്ചിരുന്നില്ല. ഉത്സവങ്ങളില്‍ പോലും റെയില്‍വേ സ്റ്റേഷനില്‍ കണ്ട അത്രയും വലിയ ജനക്കൂട്ടത്തെ താൻ കണ്ടിട്ടില്ലെന്നും അജിത്ത് കൂട്ടിച്ചേർത്തു.
വലിയ ജനക്കൂട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇത്തരമൊരു സംഭവം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് റെയില്‍വേ ഡിസിപി കെപിഎസ് മല്‍ഹോത്ര പറഞ്ഞു. വസ്തുതാപരമായ അന്വേഷണം നടത്തുമെന്നും, അപകടത്തിനിടയാക്കിയ കാരണം എന്താണെന്ന് കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ടതിൻ്റെ കാരണം കണ്ടെത്തുന്നതിനായി രണ്ടംഗ ഉന്നതതല സമിതി രൂപീകരിച്ചതായി റെയില്‍വേ ബോർഡ് അറിയിച്ചു. മറ്റ് യാത്രക്കാരെ പ്രത്യേക ട്രെയിനില്‍ അയച്ചിട്ടുണ്ടെന്നും, ട്രെയിൻ ഗതാഗതം ഇപ്പോള്‍ സാധാരണ നിലയില്‍ ആയെന്നും റെയില്‍വേ ബോർഡിൻ്റെ ഇൻഫർമേഷൻ & പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാൻ, റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി തടഞ്ഞു വെച്ചിട്ടാണുള്ളത്. നാല് പ്രത്യേക ട്രെയിനുകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്
