കൊല്ലം മൈലക്കാട് ദേശീയപാത ഇടിഞ്ഞ സംഭവം അന്വേഷിക്കാൻ ദേശീയ പാത അതോറിറ്റി. മൂന്ന് അംഗ സംഘം സംഭവം അന്വേഷിക്കും. ഇന്ന് തന്നെ അന്വേഷണം ആരംഭിക്കാൻ കളക്ടർ നിർദേശം നൽകി. കളക്ടർ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. ഡിസംബർ 8 ന് മുൻപ് സർവീസ് റോഡ് ഗതാഗതയോഗ്യമാക്കുമെന്ന് നിർമ്മാണ കമ്പിനിയും, ദേശീയ പാത അതോറിറ്റിയും യോഗത്തിൽ ഉറപ്പ് നൽകി. അതേസമയം അപകട കാരണം സംബന്ധിച്ച് നിർമ്മാണ കമ്പിനിയോ, ദേശീയ പാത അതോറിറ്റി യോ വിശദീകരണം നൽകിയില്ല.
നിർമ്മാണത്തിലിരുന്ന ദേശീയപാതയുടെ സർവീസ് റോഡ് വിണ്ടു കീറുന്നതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. വാഹനങ്ങൾ കടന്നു പോകുന്നതിനിടെയാണ് റോഡിൽ വിള്ളലുണ്ടായത്. ഇന്നലെ വൈകുന്നേരമാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് താഴ്ന്ന് അപകടം സംഭവിച്ചത്. സ്കൂൾ ബസ് ഉൾപ്പെടെ നാല് വാഹനങ്ങൾ അപകടത്തെ തുടർന്ന് സർവീസ് റോഡിൽ കുടുങ്ങിയിരുന്നു.
അപകടത്തിൽ സർവീസ് റോഡ് പൂർണമായി തകർന്നിരുന്നു. സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണും കോൺക്രീറ്റ് പാളികളും പതിക്കാതെ ഇരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി.
