രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവനടി റിനി ആൻ ജോർജിന് വധഭീഷണി. അജ്ഞാതൻ വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു കളയും എന്നാണ് ഭീഷണി.
ഇന്നലെ രാത്രി വീടിനു മുന്നിൽ രണ്ടുപേർ വന്ന് ഭീഷണിപ്പെടുത്തിയെന്നാണ് റിനി ആൻ ജോർജ് വ്യക്തമാക്കിയത്. രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നു കളയുമെന്ന ഭീഷണിയാണ് മുഴക്കിയത്. വീടിന്റെ ഗേറ്റ് തകർക്കാനുള്ള ശ്രമവും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. സംഭവത്തിൽ റിനി ആൻഡ് ജോർജ് പരവൂർ പൊലീസിൽ പരാതി നൽകി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്, റിനി ആൻ ജോർജ് ആണ്. അതിനുശേഷം കഴിഞ്ഞ ദിവസം കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തപ്പോൾ അതിന് നിമിത്തമായതിൽ സന്തോഷമുണ്ടെന്ന് റിനി പ്രതികരിച്ചിരുന്നു. അതിജീവിതകൾ നേരിട്ടിട്ടുള്ള ക്രൂര പീഡനത്തിന് അവർക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിതെന്ന് റിനി പറഞ്ഞു.
സത്യം തന്നെ ജയിക്കും. ഒരുപാട് സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കെട്ടിച്ചമച്ച കഥകളാണെന്നായിരുന്നു ആരോപണം. അത്രയും വിഷമത്തോടുകൂടി പറഞ്ഞുപോയ കാര്യങ്ങൾക്ക് ഒരുപാട് അനുഭവിക്കേണ്ടിവന്നു. എന്നാൽ തന്റെ സഹോദരിമാർക്ക് നീതി ലഭിക്കുന്നതിന് ഒരു നിമിത്തമായി എന്നതിൽ അത്യന്തം ചാരിതാർഥ്യമുണ്ടെന്ന് അവർ പ്രതികരിച്ചിരുന്നു.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പേര് പരാമര്‍ശിക്കാതെ റിനി നടത്തിയ പ്രതികരണമായിരുന്നു ചര്‍ച്ചകള്‍ രാഹുല്‍ മാങ്കൂട്ടത്തിലേക്ക് എത്തിച്ചത്. ഒരു യുവ നേതാവ് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു റിനിയുടെ ആരോപണം. ഹു കെയേഴ്‌സ് എന്ന നിലപാട് സ്വീകരിക്കുന്ന യുവ നേതാവ് സോഷ്യല്‍ മീഡിയ വഴി ആക്ഷേപകരമായ സന്ദേശങ്ങള്‍ ഉള്‍പ്പെടെ അയച്ചെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍.
