Breaking News

നിമിഷ പ്രിയയുടെ വധശിക്ഷ; സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ട്, വിദേശകാര്യ മന്ത്രാലയം

Spread the love

യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷ പ്രിയയുടെ കുടുംബം എല്ലാ വഴിയും ഇതിനായി തേടുന്നുണ്ടെന്നത് തങ്ങൾ മനസ്സിലാക്കുന്നു. യമനിൽ ശിക്ഷ വിധിച്ചതിനെ കുറിച്ച് അറിയാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഒരു മാസത്തിനുള്ളിൽ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യമൻ പ്രസിഡന്റാണ് വധശിക്ഷയ്ക്ക് അനുമതി നൽകിയത്. എന്നാൽ ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നാണ് വിവരം.

2017ലാണ് യമൻ പൗരൻ കൊല്ലപ്പെട്ടത്. 2018 ല്‍ നിമിഷ പ്രിയയ്ക്ക് വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനായി ഇനി മുന്നിലുള്ള ഏക വഴി. നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്. വധശിക്ഷയ്ക്കെതിരായ അപ്പീൽ 2022ൽ തള്ളിയിരുന്നു. വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞ വ‌ർഷം ശരിവെയ്ക്കുകയും ചെയ്തിരുന്നു.

You cannot copy content of this page