കൊച്ചി: മുന്‍ഭാര്യയേയും മകളേയും സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ അറസ്റ്റിലായ നടന്‍ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെ മുന്‍ഭാര്യയ്ക്കും മകള്‍ക്കുമെതിരെ പ്രചാരണങ്ങള്‍ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അതിനിടെ മൂന്ന് ആഴ്ചയായി താന്‍ മുന്‍ഭാര്യക്കും മകള്‍ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്തിനാണ് അറസ്റ്റു ചെയ്തതെന്ന് മനസ്സിലാകുന്നില്ലെന്നും ബാല അറസ്റ്റിനു പിന്നാലെ പ്രതികരിച്ചിരുന്നു. പോലീസ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു ബാലയുടെ പ്രതികരണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് നടനെതിരെ ചുമത്തിയിരുന്നത്.
തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ബാലയെ ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ നിന്ന് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.