ദില്ലി: മദ്യനയ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജാമ്യം തേടി ഹൈക്കോടതിയിൽ. ഇ ഡി അറസ്റ്റ് ചെയ്തത് നിയമ വുരുദ്ധമാണെന്നും അടിയന്തര സിറ്റിംഗ് നടത്തി ജയിൽമോചിതനാക്കണമെന്നുമാണ് കെജ്രിവാളിന്‍റെ ആവശ്യം. ഇന്നലെ ജാമ്യം തേടി കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, സുപ്രീം കോടതി ഇ ഡി കസ്റ്റഡിയിൽ വിടുകയായിരുന്നു. ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലാണ് ദില്ലി മുഖ്യമന്ത്രി.അതിനിടെ ജയിലിൽ നിന്നും കെജ്രിവാളിന്റെ ആദ്യ സന്ദേശം പുറത്തുവന്നിരുന്നു. സമൂഹത്തിന് വേണ്ടി സേവനം ചെയ്യുന്നതു തുടരണമെന്നും ബി ജെ പിയിൽനിന്നുള്ളവരെ വെറുക്കരുതെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാളിന്റെ ഭാര്യ സുനിതയാണ് അദ്ദേഹത്തിന്റെ സന്ദേശം വായിച്ചത്. എ എ പി പ്രവർത്തകർക്കുള്ള സന്ദേശമാണ് കെജ്രിവാൾ നൽകിയത്.സമൂഹത്തിനു വേണ്ടി ജോലി ചെയ്യുന്നതു തുടരണം. ബി ജെ പിയിലെ ആളുകളെ വെറുക്കരുത്. അവരും നമ്മുടെ സഹോദരീ സഹോദരന്മാരാണ്. ഞാൻ താമസിയാതെ പുറത്തുവരുകയും വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെയ്യും. നമ്മുടെ രാജ്യത്തെ അകത്തുനിന്നും പുറത്തുനിന്നും ദുർബലപ്പെടുത്തുന്ന ഒരുപാട് ശക്തികളുണ്ട്. ലോകത്തെ ഏറ്റവും കരുത്തുറ്റതും മഹത്തായതുമായ രാജ്യമായി നമ്മുടെ രാജ്യത്തെ വളർത്തേണ്ടതുണ്ടെന്നും കെജ്രിവാൾ സന്ദേശത്തിൽ പറഞ്ഞു.
