Breaking News

ബി എസ് എൻ എൽ വീണ്ടും പ്രിയങ്കരമാകുന്നു. ഉപയോക്താക്കളുടെ തിരിച്ചൊഴുക്ക്.

Spread the love


ന്യൂഡൽഹി: രാജ്യത്തെ മുൻനിര ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെല്‍ എന്നിവർ പ്രഖ്യാപിച്ച മൊബൈല്‍ റീചാ‌ർജ് പ്ലാനുകളുടെ നിരക്ക് വർധന ജൂലൈ 3 മുതല്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.
മറ്റൊരു സ്വകാര്യ ടെലികോം കമ്പനിയായ വീ (വൊഡാഫോണ്‍ ഐ‍ഡിയ), പ്രഖ്യാപിച്ച നിരക്ക് വർധന ജൂലൈ 4 മുതലും നിലവില്‍വന്നു. എന്നാല്‍ രാജ്യത്തെ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളും ഒരേസമയം നിരക്ക് വർധന പ്രഖ്യാപിച്ചതോടെ, പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്‌എൻഎല്ലിനും നല്ലകാലം വരുന്നതിന്റെ ലക്ഷണങ്ങളും പ്രകടമാകുന്നു.

ബിഎസ്‌എൻഎല്‍ കോളടിച്ചു
മൊബൈല്‍ റീചാർജ് പ്ലാനുകളുടെ നിരക്കുകളില്‍ 10 മുതല്‍ 27 ശതമാനം വരെ വർധനയാണ് സ്വകാര്യ ടെലികോം കമ്ബനികള്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് സാധാരണക്കാരയ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഗണ്യമായ സാമ്ബത്തികഭാരം സൃഷ്ടിക്കുന്ന നടപടിയാണ്.

കൂടാതെ മിക്കവർക്കും ഒന്നിലധികം സിം കാ‌ർഡുകളും കൈവശമുണ്ടാകും. അതിനാല്‍ തന്നെ നിലവിലെ നിരക്ക് വർധനയുടെ കാഠിന്യം ഇരട്ടിയാകുന്നു. ഈയൊരു പശ്ചാത്തലത്തില്‍ സ്വകാര്യ ടെലികോം കമ്ബനികളുടെ ഉപഭോക്താക്കളില്‍ ഒരുവിഭാഗം ബിഎസ്‌എൻഎല്ലിലേക്ക് ചേക്കുറുന്നതായി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

നിലവില്‍ ടെലികോം വിപണിയില്‍ ഏറ്റവും വിലക്കുറവിലുള്ള വിവിധ പ്ലാനുകള്‍ ബിഎസ്‌എൻഎല്‍ ലഭ്യമാക്കിയിട്ടുണ്ട് എന്നതാണ് പ്രധാന ആകർഷണം.

ജനപ്രിയ പ്ലാനുകള്‍
200 രൂപയില്‍ താഴെയുള്ള നിരവധി ഇന്റർനെറ്റ് ഡേറ്റ, വോയിസ് പ്ലാനുകള്‍ ബിഎസ്‌എൻഎല്‍ വാഗ്ദാനം ചെയ്യുന്നതായി അവരുടെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ജനപ്രീതിയാർജിച്ച റീചാർജ് പ്ലാനുകള്‍‌ എസ്ടിവി-118, എസ്ടിവി-153, എസ്ടിവി-199 എന്നിവയാണ്.

എസ്ടിവി-118 എന്ന പ്ലാനില്‍ 20 ദിവസത്തെ വാലിഡിറ്റിയും അണ്‍ലിമിറ്റഡ‍് വോയിസ് കോളും 10 ജിബി ഡേറ്റയും ലഭ്യമാകും. എസ്ടിവി-153 പ്ലാനില്‍ 26 ദിവസത്തെ വാലിഡിറ്റിയും 26 ജിബി ഡേറ്റയും ദിവസേന 100 എസ്‌എംഎസ് എന്നീ സേവനങ്ങള്‍ ലഭിക്കും.

എസ്ടിവി-199 റീചാർജ് പ്ലാനില്‍ 30 ദിവസത്തെ വാലിഡ‍ിറ്റിയും ദിവസേന 2 ജിബി ഡേറ്റയും 100 എസ്‌എംഎസ് വീതവും ലഭിക്കും. അതേസമയം മുൻനിര സ്വാകര്യ ടെലികോം കമ്ബനികള്‍ 5ജി സേവനമാണ് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ ബിഎസ്‌എൻഎല്‍ 4ജി സേവനമേ നല്‍കുന്നുള്ളൂ എന്നതും ശ്രദ്ധിക്കുക.

ഇക്കണോമിക് പ്ലാനുകള്‍
മൊബൈല്‍ ഇന്റർനെറ്റ് ഡേറ്റ വാഗ്ദാനം ചെയ്യുന്നതും 200 രൂപയില്‍ താഴെ നിരക്ക് വരുന്നതുമായ ഏഴ് പ്ലാനുകള്‍ കൂടി ബിഎസ്‌എൻഎല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇതില്‍ 16 രൂപയുടെ എസ്ടിവി-16 എന്ന റീചാർജ് പ്ലാനില്‍ ഒരു ദിവസത്തെ വാലി‍ഡിറ്റിയില്‍ 2 ജിബി ഇന്റർനെറ്റ് ഡേറ്റ ഉപയോഗിക്കാനാകും. 58 രൂപ നല്‍കേണ്ട എസ്ടിവി-58 എന്ന ഓഫറില്‍ ഏഴ് ദിവസത്തെ വാലി‍ഡിറ്റിയും ദിവസേന 2 ജിബി ഡേറ്റയും ലഭ്യമാകും.

94 രൂപയുടെ എസ്ടിവി-94 എന്ന പ്ലാനിന് കീഴിലാകട്ടെ, 30 ദിവസത്തെ വാലിഡിറ്റിയും 200 മിനിറ്റ് വോയിസ് കോളും 3 ജിബി ഡേറ്റയുമാണ് ബിഎസ്‌എൻഎല്ലിന്റെ വാഗ്ദാനം.

അതുപോലെ 97 രൂപ ചെലവുള്ള എസ്ടിവി-97 എന്ന ഓഫറില്‍ 15 ദിവസത്തെ വാലിഡിറ്റിയും അണ്‍ലിമിറ്റഡ് വോയിസ് കോളും ദിവസേന 2 ജിബിയും ലഭിക്കുന്നതായിരിക്കും. 98 രൂപയുടെ ഡേറ്റസുനാമി98 എന്ന പ്ലാനില്‍ 18 ദിവസത്തേക്ക് 2 ജിബി ഡേറ്റ പ്രതിദിനം ഉപയോഗിക്കാൻ അവസരമുണ്ട്.

151 രൂപയുടെ ഡേറ്റ ഡബ്ല്യുഎഫ്‌എച്ച്‌-151 എന്ന ഓഫറില്‍ 30 ദിവസത്തേക്ക് 40 ജിബി ഡേറ്റ ലഭിക്കും. അതുപോലെ 198 രൂപ ചെലവിട്ടാല്‍ ഡേറ്റഎസ്ടിവി-198 എന്ന പ്ലാനിന് കീഴില്‍ 40 ദിവസത്തേക്ക് 2 ജിബി മൊബൈല്‍ ഡേറ്റ പ്രതിദിനം ഉപയോഗിക്കാൻ സാധിക്കും.

കൂടുതല്‍ വിശദാംശങ്ങള്‍ക്കും മറ്റ് ഓഫറുകളെയും കുറിച്ച്‌ അറിയുന്നതിനായി സമീപത്തെ ബിഎസ്‌എൻഎല്‍ ഓഫീസ് സന്ദർശിക്കുകയോ കസ്റ്റമർ കെയർ സേവനമോ നിങ്ങള്‍ക്ക് തേടാവുന്നതാണ്.

You cannot copy content of this page