തിരുവനന്തപുരം: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയില്‍ ശാസിച്ച് പിണറയി വിജയൻ.
ഇതിനായി പിണറായി വിജയൻ മുൻകൈ എടുത്ത് എല്‍ഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചു ചേർക്കുകയായിരുന്നു.
നിയമസഭയില്‍ ടൂറിസം, വനം വകുപ്പുകള്‍ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതാണ് പിണറായിയുടെ പ്രകോപനത്തിന് കാരണം.
ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതിയും മറ്റു പല ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മരുമകൻ മുഹമ്മദ് റിയാസുമായി കടകം പള്ളി സുരേന്ദ്രൻ അസ്വാരസ്യത്തിലാണ്. പലതവണ ഇരുവരും ഒളിഞ്ഞും തെളിഞ്ഞും ഏറ്റുമുട്ടിയിരുന്നു.
ഇതിനിടെയാണ് ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി നീണ്ടു പോകുന്നതില്‍ ടൂറിസം വകുപ്പിന്റെ അലംഭാവം കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചത്. കടകം പള്ളിയെക്കൂടാതെ സിപിഐ എം എല്‍ എ വാഴൂർ സോമനും സർക്കാരിനെതിരെ രംഗത്തു വന്നു. കടകംപള്ളി മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഉന്നമിട്ടപ്പോള്‍ വാഴൂർ സോമന്റെ ലക്ഷ്യം എൻസിപിയുടെ മന്ത്രി എ കെ ശശീന്ദ്രനായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെക്കൊണ്ട് വനാതിർത്തിയില്‍ ഉള്ളവർക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വാഴൂർ സോമൻ തുറന്നടിച്ചത് പിണറായിയെ പ്രകോപിപ്പിച്ചു .
എം എല്‍ എ മാർ തങ്ങളുടെ മണ്ഢലത്തിലെ ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് തുടർന്നാല്‍ അത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്ന് പിണറായി വിജയൻ ഭയക്കുന്നു. ഈ പ്രവണത മുളയിലേ നുള്ളിയില്ലെങ്കില്‍ മറ്റുള്ള എം എല്‍ എ മാരും ധൈര്യമാർജ്ജിച്ച് രംഗത്ത് വന്നേക്കുമെന്ന ബോധ്യമാണ് എല്‍ഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിച്ചു ചേർത്ത് ഈ രണ്ടു പ്രസംഗങ്ങളും ചർച്ച ചെയ്യാൻ പിണറായി വിജയനെ പ്രേരിപ്പിച്ചത്.
ഈ രണ്ടു പ്രസംഗങ്ങളും ചർച്ച ചെയ്യാൻ വേണ്ടി മുഖ്യമന്ത്രി വിളിച്ച യോഗമാണ് ഇതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. യോഗത്തില്‍ മുഖ്യമന്ത്രി രണ്ടു പേരുടെയും പ്രസംഗങ്ങള്‍ വായിച്ചു. ഈ രണ്ട് എം എല്‍ എ മാരെയും “പരിണതപ്രജ്ഞർ” എന്ന് പുകഴ്തിയ ശേഷം ഇവരില്‍ നിന്ന് ഈ നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
“വിമർശനങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ അതു മന്ത്രിമാരോട് നേരിട്ടു പറയുന്നതില്‍ “തെറ്റില്ല” . എന്നാല്‍ ഇതൊന്നും നിയമസഭയില്‍ പൊതുചർച്ചയ്‌ക്കു വിധേയമാക്കുന്നത് ശരിയായ നടപടിയല്ല. സഭയിലെ പ്രസംഗങ്ങളില്‍ ആ ജാഗ്രത പാലിച്ചേ തീരൂ. ഈ രണ്ടുപേർ പ്രസംഗിച്ചതു കാണുമ്പോള്‍ എന്തുകൊണ്ട് തങ്ങള്‍ക്കും ആയിക്കൂടാ എന്നു മറ്റുള്ളവർക്കും തോന്നാം. അതുകൊണ്ടു കൂടിയാണ് ഈ യോഗം വിളിച്ച് ഇക്കാര്യം വ്യക്തമാക്കുന്നത്.”എന്ന് പിണറായി പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുനന്ത്. ലോകസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡിഎഫിന് ഏറ്റ വമ്ബൻ തിരിച്ചടിയെ തുടർന്ന് ബിജെപി ഉള്‍പ്പെടെ പ്രതിപക്ഷം കൂടുതല്‍ ആവേശത്തിലായ സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ഓരോ എംഎല്‍എയും പുലർത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തില്‍ മുഖ്യമന്ത്രി മാത്രമാണ് പ്രസംഗിച്ചത്. കടകംപള്ളി സുരേന്ദ്രൻ യോഗത്തിന് ഉണ്ടായിരുന്നില്ല.
തിരുവനന്തപുരം കോർപറേഷനെതിരെയും മുൻ മന്ത്രിയും കഴക്കൂട്ടം എം എല്‍ ഏ യുമായ കടകം പള്ളി പലതവണ രംഗത്തു വന്നു കഴിഞ്ഞു. മേയറെ വേദിയിലിരുത്തിക്കൊണ്ട് കടകംപള്ളി സുരേന്ദ്രൻ നടത്തിയ കടുത്ത വിമർശനങ്ങള്‍ തിരുവനന്തപുരം കോർപറേഷന്റെ പ്രവർത്തനത്തിന്റെ പ്രോഗ്രസ്സ് കാർഡാണ് എന്ന് തന്നെ പറയാം.
“നഗരത്തിന്റെ പലഭാഗത്തും യാത്രതന്നെ അസാധ്യമാക്കിക്കൊണ്ട് വിവിധ വികസന പദ്ധതികളുടെ ഭാഗമായി റോഡുകളെല്ലാം വെട്ടിമുറിച്ചിട്ടിരിക്കുകയാണ്. വര്‍ഷങ്ങളായി യാത്രാ സൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങള്‍ നഗരത്തില്‍ താമസിക്കുന്നുണ്ട്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. രണ്ട്- മൂന്ന് പദ്ധതികള്‍ തലസ്ഥാന നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കഴിഞ്ഞ കുറച്ച് വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്ന പോരായ്മയുണ്ട്. പോരായ്മയുണ്ടെന്നത് വാസ്തവമാണ്.പദ്ധതി നടപ്പിലാക്കുമ്ബോള്‍ രണ്ടും മൂന്നും നാലും വര്‍ഷമായി ജനങ്ങളെ തടവിലാക്കുന്ന, സഞ്ചരിക്കുന്നതില്‍നിന്ന് തടസ്സപ്പെടുത്തുന്നതായുള്ള അവസ്ഥാവിശേഷം വരികയാണ്. ചില പദ്ധതികള്‍ തുടങ്ങി എവിടേയും എത്താത്ത സാഹചര്യമുണ്ട് ‘, കടകംപള്ളി പറഞ്ഞു.
മൂന്ന് വര്‍ഷത്തെ വികസനനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച വികസന സെമിനാറിലായിരുന്നു കടകംപള്ളിയുടെ വിമര്‍ശനം. മന്ത്രി വി. ശിവന്‍കുട്ടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. മന്ത്രി വേദിവിട്ടതിന് പിന്നാലെ മേയര്‍ ആര്യാ രാജന്ദ്രനെ വേദിയില്‍ ഇരുത്തിയായിരുന്നു കടകംപള്ളിയുടെ വിമർശനം