പത്തനംതിട്ട: ജനപ്രതിനിധികൾ സംസ്ഥാനത്തെ സ്കൂളുകൾക്ക് വാങ്ങി നൽകുന്ന ബസുകൾ കടപ്പുറത്താകുന്നു. വാഹനത്തിന്റെ പരിപാലന ചെലവ് താങ്ങാൻ കഴിയാത്ത ഗ്രാമീണ മേഖലയിലെ സ്കൂളുകളിലാണ് പ്രതിസന്ധിയേറെയും. പണം മുടക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാണെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ കടുംപിടുത്തമാണ് തടസം.
2016ൽ അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷത്തിലധികം രൂപ മുടക്കി ഗവ. എൽപി ആന്റ് യുപി സ്കൂളിന് ഒരു ബസ് വാങ്ങി നൽകി. കുട്ടികളിൽ നിന്ന് ചെറിയ തുക ഫീസ് വാങ്ങുന്നതിനൊപ്പം ഇന്ധവും ഡ്രൈവറുടെ ശമ്പളവുമൊക്കെ പിടിഎ നൽകിവന്നു. എന്നാൽ വർഷാവർഷം ഫിറ്റ്നസ് പരിശോധന നടത്തണം. അതിന് മുന്നോടിയായി അറ്റകുറ്റപ്പണിക്ക് നല്ല തുക ചെലവാകും. അധ്യാപകരും പിടിഎയും ഇതുവരെ തുക കണ്ടെത്തി. എന്നാൽ കാലപ്പഴക്കംചെന്നപ്പോൾ അറ്റകുറ്റപ്പണിക്ക് വലിയ തുക വേണ്ടിവരുന്നു. അതിന് വഴിയില്ലാതായപ്പോൾ വാഹനം കട്ടപ്പുറത്തായി. സ്വകാര്യ വാഹനം വാടകയ്ക്ക് എടുത്താണിപ്പോൾ കുട്ടികളെ കൊണ്ടുവരുന്നത്. എന്നാൽ അത് ഭാരിച്ച ചിലവാണ്.
ആഴ്ചയിൽ ഇന്ധന ചിലവായി കുറഞ്ഞത് 5000 രൂപയെങ്കിലും വേണമെന്ന് പിടിഎ പ്രസിഡന്റ് ഹരി കൃഷ്ണൻ പറയുന്നു. സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന സ്ഥലത്ത് ഈ പണം തന്നെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടാണ്. എല്ലാവരുടെയും കൈയിൽ നിന്ന് പണം പിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
ബസ്സ്സ് വാങ്ങാൻ എംഎൽഎമാർക്ക് പണം ചെലിവിടാം പക്ഷെ അതിന്റെ പരിപാലനത്തിന് ചട്ടം അനുവദിക്കുന്നില്ല. വാഹനം സ്കൂളിന് നൽകിയാൽ പിന്നെ അത് വിദ്യാഭ്യാസ വകുപ്പിന്റെ സ്വത്താണ്. അറ്റകുറ്റപ്പണിക്ക് തുക ചെലവിടാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാണെങ്കിൽ പോലും വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി വേണം. പല എംഎൽഎമാരും ഏറെക്കാലമായി ഇങ്ങനെ അനുമതി ചോദിച്ചുനടപ്പാണ് പക്ഷെ നടപടിയില്ല.
ഒന്നുകിൽ വാഹനം വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറുകയോ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് അറ്റകുറ്റപ്പണി നടത്താൻ ഓഡിറ്റ് ഒബ്‍ജക്ഷൻ വരാത്ത തരത്തിൽ ഒരു അനുമതി തദ്ദേശ സ്വയംഭരണ വകുപ്പ് നൽകുകയോ വേണമെന്ന് അടൂർ നഗരസഭ കൗൺസിലർ ഡി സജി പറയുന്നു.
കുട്ടികൾക്ക് സൗജന്യമായി വാഹനസൗകര്യം ഉറപ്പുനൽകുന്ന സ്വകാര്യ സ്കൂളുകൾ പോലുമുണ്ട്. അങ്ങനെയുള്ളപ്പോഴാണ് പൊതുവിദ്യാലയങ്ങളിൽ സ്കൂൾ ബസുകൾ കട്ടപ്പുറത്താകുന്നത്. സർക്കാർ സ്കൂളുകളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന പ്രശ്നമായി ഇത് മാറുമെന്നാണ് പിടിഎയുടെ ആശങ്ക. ഇക്കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തിര നടപടിയാണ് ആവശ്യം.