ന്യൂഡൽഹി: യു കെ യിൽ നിലവിലുള്ള കർശനമായ കുടിയേറ്റ-വിസ നയങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികളും തൊഴിലാളികളും നേരിടുന്ന ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി വിദേശകാര്യ മന്ത്രി മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ യുകെ ഭരണകൂടം വിസാ മാനദണ്ഡങ്ങൾ കർശനമാക്കുകയും ശമ്പള പരിധി ഉയർത്തുകയും ചെയ്തു. ആശ്രിതർക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ഇതിനെ തുടർന്ന് ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് തിരിച്ചടി നേരിടേണ്ടിവന്നതായി ജോസ് കെ. മാണി കത്തിൽ ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിലേക്ക് പോയിരുന്ന ഏകദേശം 51,000 ഇന്ത്യൻ വിദ്യാർത്ഥികൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ഇതിന് പുറമെ തൊഴിൽ ആവശ്യങ്ങൾക്കായി പോയിരുന്ന 21,000 ഇന്ത്യക്കാരും മറ്റ് വിഭാഗങ്ങളിലായി 3,000 പേരും യുകെ വിട്ടതായി അദ്ദേഹം വ്യക്തമാക്കി. യുകെയിൽ നിന്ന് മടങ്ങുന്നവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണ്.
ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷണലുകളും യുകെയുടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും തൊഴിൽ മേഖലയ്ക്കും വലിയ സംഭാവന നൽകിയവരാണ് . പുതിയ നയപരിഷ്കാരങ്ങൾ അവരുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയതായി ജോസ് കെ. മാണി പറഞ്ഞു.
ഇന്ത്യൻ വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും ആശങ്കകൾ പരിഹരിക്കുന്നതിനായി യുകെ ഭരണകൂടവുമായി ഉചിതമായ നയതന്ത്ര ഇടപെടൽ നടത്തണമെന്ന് അദ്ദേഹം വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. നാട്ടിലേക്ക് മടങ്ങിയെത്തുന്ന ഇന്ത്യക്കാരുടെ പുനരധിവാസത്തിനും ഉൽപ്പാദനപരമായ സാമൂഹിക-സാമ്പത്തിക സംയോജനത്തിനുമായി കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണം. തൊഴിൽ, സംരംഭകത്വ അവസരങ്ങൾ സൃഷ്ടിച്ച് മടങ്ങിയെത്തുന്ന യുവാക്കളുടെ കഴിവുകൾ രാജ്യത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
