മൂന്നാര്‍: മഴക്കാലത്ത് ആഹാരലഭ്യത കൂടിയിട്ടും കാട്ടിലേക്ക് മടങ്ങാൻ കൂട്ടാക്കാതെ പടയപ്പയെന്ന കട്ടുകൊമ്പൻ. കാട്ടില്‍ തീറ്റയുണ്ടെങ്കിലും നാളുകളായി ആന മൂന്നാര്‍ മറയൂര്‍ പ്രദേശങ്ങളിലെ ജനവാസമേഖലയില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. സാധാരണയായി വേനല്‍ക്കാലത്ത് തീറ്റയും വെള്ളവും തേടി പടയപ്പ ഉള്‍പ്പെടെയുള്ള കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് പതിവാണ്. എന്നാല്‍ മഴ തുടങ്ങുന്നതോടെ കുറേക്കാലത്തേക്കെങ്കിലും കാട് കയറാറുണ്ടായിരുന്നു.
എന്നാൽ, കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പടയപ്പ ജനവാസമേഖലയില്‍ തുടരുകയാണ്. പൊതുവേ ശാന്തശീലനായ പടയപ്പ മദപ്പാട് കാലമാകുന്നതോടെ അക്രമാസക്തനാകാറുണ്ട്.
മൂന്നാര്‍ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലുള്ള മാലിന്യസംസ്‌കരണകേന്ദ്രത്തില്‍ നേരത്തേ പടയപ്പ സ്ഥിരമായി എത്തിയിരുന്നു. മാലിന്യപ്ലാന്റിന് പുറത്ത് കൂട്ടിയിട്ടിരുന്ന പച്ചക്കറി അവശിഷ്ടം തിന്നുന്നതിനാണിത്. പിന്നീട് പച്ചക്കറി മാലിന്യത്തോടൊപ്പം ആന പ്ലാസ്റ്റിക് തിന്നതോടെ പഞ്ചായത്ത് അധികൃതര്‍ പ്ലാന്റിന് പുറത്തുള്ള മാലിന്യം നീക്കംചെയ്ത് ശക്തമായ ഇരുമ്പുഗേറ്റ് സ്ഥാപിച്ചു. ഇതോടെ പടയപ്പ പ്രദേശത്തുനിന്ന് പിന്‍വാങ്ങി. എന്നാല്‍ മറയൂര്‍ ഭാഗത്തേക്ക് നീങ്ങിയതല്ലാതെ കാടുകയറാന്‍ തയ്യാറായില്ല.
സെപ്റ്റംബറോടെ മൂന്നാര്‍ മേഖലയില്‍ തിരിച്ചെത്തിയ കൊമ്പന്‍ മദപ്പാടിലായി. ഇതോടെയാണ് അക്രമാസക്തനാകാന്‍ തുടങ്ങിയത്. വീടുകള്‍ക്ക് കേടുവരുത്തുന്നതും വാഹനങ്ങള്‍ തകര്‍ക്കുന്നതും പതിവായി. അരി തിന്നുന്നതിനായി റേഷന്‍കടകളും പലചരക്കുകടകളും തകര്‍ത്തു. ഇതിനിടയില്‍ ചിലര്‍ പടയപ്പയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതും വിനയായി.
പിന്നീട് വനം വകുപ്പ് പലതവണ ആനയെ കാട്ടിലേക്ക് തുരത്തിയെങ്കിലും മണിക്കൂറുകള്‍ക്കകം തിരികെയെത്തി.
പടയപ്പയുടെ ശല്യം രൂക്ഷമായതോടെ വനംവകുപ്പ് ആനയെ തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ ആരംഭിച്ചു. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനം ഉപയോഗിച്ചാണിത്. ആനയുടെ സ്ഥാനം സംബന്ധിച്ച് പ്രദേശവാസികളുടെ മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശം നല്‍കിയിരുന്നു.
ആന പിന്നീട് ശാന്തനായെങ്കിലും കാടുകയറാതെ മറയൂര്‍ ഭാഗത്തുള്ള ജനവാസ മേഖലയിലേക്ക് നീങ്ങുകയായിരുന്നു. രണ്ടാഴ്ചമുമ്പ് വീണ്ടും മൂന്നാര്‍ മേഖലയില്‍ തിരിച്ചെത്തി കന്നിമല, മാട്ടുപ്പട്ടി, ലാക്കാട്, ചൊക്കനാട് തുടങ്ങിയ എസ്റ്റേറ്റുകളില്‍ തുടരുകയാണ്. തോട്ടം മേഖലയില്‍നിന്ന് പച്ചക്കറിയും വാഴയുമുള്‍പ്പെടെ ധാരാളം തീറ്റ ലഭിക്കുന്നതിനാലാണ് ആന പ്രദേശത്ത് തുടരുന്നത്.