കുടിശ്ശിക തുക നൽകിയില്ല; പിഴ നോട്ടീസ് വിതരണം നിർത്തി കെൽട്രോൺ

Spread the love

തിരുവനന്തപുരം: കുടിശിക തുക അടക്കാത്തത് മൂലം പ്രതിസന്ധിയിലായി എ ഐ ക്യാമറ പദ്ധതി. എഐ ക്യാമറയിൽ പതിയുന്ന മോട്ടോർ വാഹന നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് അയക്കുന്നത് കെൽട്രോൺ നിർത്തി വച്ചു.നിലവിൽ ഇ ചെലാൻ മാത്രമാണ് അയക്കുന്നത്. സർക്കാർ പണം നൽകാതെ വന്നതോടെയാണ് തീരുമാനം. കുടിശ്ശികയായി സർക്കാർ കെൽട്രോണിന് നൽകേണ്ടത് 339 കോടി രൂപയാണ്. 10 മാസത്തിനിടെ സർക്കാർ നൽകിയത് 62.5 കോടി രൂപമാത്രമാണ്.

ജൂൺ 5 മുതലാണ് സർക്കാർ, ക്യാമറകൾ സ്ഥാപിച്ച് കുറ്റകൃത്യങ്ങൾക്ക് പിഴ ഈടാക്കാൻ തുടങ്ങിയത്. നിയമലംഘനം നടത്തുന്നവരിൽ നിന്ന് പിഴ ഈടാക്കി കരാറുകാരന് തുക നൽകാം എന്നായിയിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ 10 മാസം പിന്നിടുമ്പോഴും പ്രതിസന്ധി നിലനിൽക്കുകയാണ്. തുക ലഭിക്കാതെ വന്നതോടെ നോട്ടീസ് ഒന്നിന് 20 രൂപ നൽകണം എന്ന് കാണിച്ച് കെൽട്രോൺ സർക്കാരിന് കത്ത് നൽകി. പേപ്പർ വാങ്ങാൻ പോലും പണമില്ലെന്ന് ഗതാഗത കമ്മീഷണറെ അറിയിച്ച് നോട്ടീസയപ്പ് കെൽട്രോൺ നിർത്തിയിരിക്കുകയാണ്.

അതേസമയം നോട്ടീസിന് പകരമായി ഇചെലാൻ അയക്കുന്നുണ്ടെങ്കിലും കാര്യമായ ഗുണമൊന്നും ഇല്ല. ഫോണിൽ എത്തുന്ന ചെലാനുകൾക്ക് എല്ലാവരും പണം അടക്കില്ല. 339 കോടിയുടെ നിയമലംഘനങ്ങളാണ് എഐ കാമറ വഴി ഇതുവരെ കണ്ടെത്തിയത്. പിഴ നോട്ടീസ് അയക്കൽ മുടങ്ങിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞു. കുടിശിക തുക സർക്കാർ നൽകിയാൽ ഇതുവരെയുള്ള നിയമലംഘനത്തിന്റെ മുഴുവൻ പിഴ നോട്ടീസും കെൽട്രോൺ നൽകണം.

നേരത്തെ തുക നൽകാതെ വന്നതോടെ കെൽട്രോൺ അയക്കുന്ന നോട്ടീസിന്റെ എണ്ണം കുറച്ചിരുന്നു. പിന്നാലെ സർക്കാർ പണം നൽകുകയും ചെയ്തു. സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാനായി സർക്കാർ ആരംഭിച്ച എഐ ക്യാമറ പദ്ധതി തുടക്കം മുതൽ പ്രതിസന്ധിയിലായിരുന്നു. ധാരണയിൽ എത്തുമ്പോൾ പ്രതിവർഷം 25 ലക്ഷം നോട്ടീസ് അയക്കാമെന്നായിരുന്നു കെൽട്രോണിന്റെ കരാർ.

You cannot copy content of this page