ന്യൂഡല്‍ഹി: നിര്‍ണായക രാജ്യസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. 27 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂണ്‍ 18ന് നടക്കും.
അടിവലികള്‍ക്ക് സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസും ബിജെപിയും കരുതുന്നു. കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പ്രധാന ചര്‍ച്ച രാജ്യസഭാ തിരഞ്ഞെടുപ്പ് ആയിരുന്നു.
നിലവില്‍ രാജ്യസഭയില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് 148 അംഗങ്ങളാണുള്ളത്. ഇത്തവണ 150 കടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്ന ചരിത്ര നേട്ടം കൈവരിക്കാന്‍ ഇനിയും ബിജെപി കാത്തിരിക്കണം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടാന്‍ 160ല്‍ അധികം സീറ്റുകള്‍ ആവശ്യമാണ്. ഇതില്ലാതെ തന്നെ ചെറുകക്ഷികളുടെ പിന്തുണയില്‍ ബിജെപി ബില്ലുകള്‍ പാസാക്കുന്നുണ്ട്.
27ല്‍ 18 സീറ്റുകള്‍ വരെ നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ് വിജയ് സിങ്, ജെഡിഎസ് നേതാവ് ദേവ ഗൗഡ, കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, രവനീത് സിങ് ബിട്ടു എന്നിവരുടെ കാലാവധി തീരുകയാണ്. ജോര്‍ജ് കുര്യന്‍ വീണ്ടും മധ്യപ്രദേശില്‍ നിന്ന് മല്‍സരിച്ചേക്കുമെന്നാണ് സൂചന.
മധ്യപ്രദേശില്‍ ക്രോസ് വോട്ടിങ് നടക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. നിലവിലെ നിയമസഭാ അംഗങ്ങളുടെ കണക്ക് നോക്കിയാല്‍ കോണ്‍ഗ്രസിന് ഒരംഗത്തെ രാജ്യസഭയിലേക്ക് അയക്കാന്‍ സാധിക്കും. ആറ് വോട്ടുകള്‍ അധികമായി കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ഇത്രയും അംഗങ്ങള്‍ കൂറുമാറി വോട്ട് ചെയ്താല്‍ കോണ്‍ഗ്രസ് പൂജ്യമാകും. അതിനുള്ള വഴി ഒരുക്കുകയാണ് ബിജെപി.
മുതിര്‍ന്ന നേതാവിനെ മല്‍സരിപ്പിച്ചാല്‍ ജയിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇനി മല്‍സരത്തിനില്ല എന്ന ദിഗ് വിജയ് സിങിന്റെ നിലപാട് കോണ്‍ഗ്രസിനെ വെട്ടിലാക്കി. അതുകൊണ്ടുതന്നെ ആരെ കോണ്‍ഗ്രസ് മല്‍സരിപ്പിക്കുമെന്ന ചോദ്യം ബാക്കിയാണ്. മധ്യപ്രദേശില്‍ നിന്ന് ജോര്‍ജ് കുര്യന്‍ വീണ്ടും മല്‍സരിക്കുന്നതിന് പുറമെ മറ്റൊരു സീറ്റ് കൂടി ബിജെപിക്ക് ജയിക്കാന്‍ സാധിക്കും.
കര്‍ണാടകയിലെ മൂന്ന് സീറ്റില്‍ ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ വീണ്ടും മല്‍സരിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ ഒരു സീറ്റ് പിടിക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണ് ബിജെപി. രാജസ്ഥാനില്‍ നിന്ന് ബിജെപി ബിട്ടുവിനെ വീണ്ടും മല്‍സരിപ്പിച്ചേക്കും. കോണ്‍ഗ്രസിന് ഇവിടെ ഒരു സീറ്റാണ് ലഭിക്കുക. അശോക് ഗെഹ്ലോട്ട്, പവന്‍ ഖേര എന്നിവരാണ് ഇവിടെ പരിഗണനയില്‍.
ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് കോണ്‍ഗ്രസിന് വേണ്ടി ആരുമുണ്ടാകില്ല. ഏക എംപി ശക്തിസിങ് ഗോലിയുടെ കാലാവധി ഈ മാസം 21ന് തീരും. 46 എംഎല്‍എമാരാണ് ഒരംഗത്തെ ജയിപ്പിക്കാന്‍ വേണ്ടത്. പക്ഷേ, ഗുജറാത്തില്‍ കോണ്‍ഗ്രസിന് 12 അംഗങ്ങളേയുള്ളൂ. അതുകൊണ്ടുതന്നെ ഗുജറാത്തില്‍ നിന്ന് ആദ്യമായി കോണ്‍ഗ്രസ് പൂജ്യമാകും. ജാര്‍ഖണ്ഡില്‍നിന്ന് ജെഎംഎമ്മിന്റെ പിന്തുണയില്‍ ഒരംഗത്തെ രാജ്യസഭയില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 8 ആണ്.
