പാലാ: മീനച്ചിലാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന കളരിയാംമാക്കൽ പാലത്തിന് സമീപന പാതയ്ക്കായി ഭൂമി ഏറ്റെടുക്കലിന് ജില്ലാ കളക്ടർ വിജ്ഞാപനം പുറപ്പെടുവിച്ചതായി ജോസ് കെ.മാണി എം.പി.അറിയിച്ചു. നേരത്തെ നടപടിക്രമങ്ങൾ പൂർത്തിയായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാലാണ് വിജ്ഞാപനം പരസ്യപ്പെടുത്തുവാൻ വൈകിയത്. മീനച്ചിലാറിൻ്റെ മറുകരയിലെ പൂവരണി വില്ലേജിൽ ഉൾപ്പെട്ട ആറ് വ്യക്തികളിൽ നിന്നായി 32.19 ആർ സ്ഥലമാണ് ഏറ്റെടുക്കുക. മെയ് 12നാണ് നം. ഡി.സി.കെ.ടി.എം / 518/2021-ജി 1 നമ്പരായി 11(1) പ്രാഥമിക വിജ്ഞാപനം ജില്ലാ കളക്ടർ പുറപ്പെടുവിച്ചിരിക്കുന്നത്.പാലാ എൽ.എ (ജനറൽ) സ്പെഷ്യൽ തഹസിൽദാരെ ഇതിലേക്കായി ചുമതലപ്പെടുത്തി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
പാലാറിംങ് റോഡ് രണ്ടാം ഘട്ടത്തിൻ്റെ അലൈൻമെൻ്റിലുള്ള പാത യായാണ് നിർമ്മാണം ഉണ്ടാവുക. ഭൂഉടമകൾ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകിയതോടെ ഭൂമി ഏറ്റെടുക്കലിനായുള്ള തുടർ നടപടികളും വേഗത്തിലാകും.
ഒന്നാം ഘട്ടറിംങ് റോഡ് നിർമ്മാണത്തിനു ശേഷം അവശേഷിച്ചിരുന്ന 13.39 കോടി രൂപ 2020-ൽ തന്നെ സമീപന പാതയ്ക്കായി സംസ്ഥാന സർക്കാർ അനുവദിച്ച് ഭരണാനുമതി നൽകിയിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായിരുന്നില്ല. മീനച്ചിൽ പഞ്ചായത്ത് കമ്മിറ്റിയും ഭൂഉടമകളും അഭ്യർത്ഥിച്ചതിൻ്റെ അടിസ്ഥാനത്തിൽ സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് സാമൂഹ്യ ആഘാത പഠനത്തിന് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് കളമശേരി എന്ന ഏജൻസിയെ നിയമിച്ച് റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതും അംഗീകരിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തുടർ നടപടികൾ ഉണ്ടായിരിക്കുന്നതും.പാലായുടെ ദ്വീർഘകാലമായുള്ള ആവശ്യത്തിനാണ് പരിഹാരമാവുന്നതെന്ന് ജോസ്.കെ.മാണി എം.പി. പറഞ്ഞു.
