Breaking News

ബാറ്ററി സ്റ്റോറേജ് നിലയങ്ങളില്ല, പകൽ വൈദ്യുതി പാഴാകുന്നു; KSEB-യെ വിമ‍ർശിച്ച് റെഗുലേറ്ററി കമ്മിഷൻ

Spread the love

തിരുവനന്തപുരം: വേനൽക്കാലത്തെ നേരിടാനുള്ള കെഎസ്.ഇ.ബി.യുടെ തയ്യാറെടുപ്പുകളെ വിമർശിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. ബാറ്ററി സ്റ്റോറേജ് നിലയങ്ങൾ (ബെസ്) ഒരുക്കുന്നത് വേനലിനുമുന്നേ പൂർത്തിയാക്കിയിരുന്നെങ്കിൽ പകൽ വൈദ്യുതി സറണ്ടർചെയ്യാതെ ശേഖരിക്കാൻ കഴിയുമായിരുന്നു. മറ്റു സംസ്ഥാനങ്ങളുമായി കൈമാറ്റക്കരാറുകൾ ഉണ്ടാക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞില്ലെന്നും കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് വിമർശിച്ചു.

വേനലിൽ ആവശ്യകത വർധിച്ചതിനാൽ യൂണിറ്റിന് 10 രൂപയ്ക്കുവരെ വൈദ്യുതി വാങ്ങുന്നതിന് കെ.എസ്.ഇ.ബി. അനുമതി തേടിയിരുന്നു. ഇതിനായി നടന്ന തെളിവെടുപ്പിലായിരുന്നു കമ്മിഷന്റെ വിമർശനം. അപേക്ഷ തീരുമാനത്തിനായി മാറ്റി.

സൗരോർജ വൈദ്യുതി ഉത്പാദനം കൂടിയതിനാൽ പകൽ കെ.എസ്.ഇ.ബി.ക്കു കിട്ടുന്ന വൈദ്യുതി ഉപയോഗിക്കാനാകാതെ വരുന്നു. ദിവസം 60 ലക്ഷംമുതൽ ഒരുകോടി യൂണിറ്റുവരെയാണ് സറണ്ടർ ചെയ്യേണ്ടിവരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇത് ബോർഡിന് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ബെസ് പൂർത്തിയായിരുന്നെങ്കിൽ ഈ വൈദ്യുതി ശേഖരിച്ച് രാത്രിയിൽ ഉപയോഗിക്കാമായിരുന്നില്ലേയെന്ന് കമ്മിഷൻ ചോദിച്ചു.

2025 ജൂലായിലാണ് സോളാർ എനർജി കോർപ്പറേഷനുമായി ബെസ് സംബന്ധിച്ച കരാർ ഒപ്പിട്ടത്. 15 മാസമാണ് നിർമാണ കാലാവധി. നേരത്തേ പൂർത്തിയാക്കിയാൽ പ്രത്യേക പ്രേത്സാഹനമുണ്ട്. അതിന് ശ്രമിച്ചില്ലെന്നാണ് കമ്മിഷൻ കുറ്റപ്പെടുത്തിയത്.

വൈദ്യുതി വാങ്ങുന്നതിനുള്ള അപേക്ഷ നൽകിയത് 21-നാണ്. ഏപ്രിലിൽ അതുവരെ വാങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും കമ്മിഷൻ കുറ്റപ്പെടുത്തി.

90 ദിവസംവരെ മുൻകൂട്ടി വൈദ്യുതി വാങ്ങാവുന്ന ടേം എഹഡ് മാർക്കറ്റിൽനിന്ന് വാങ്ങാനാണ് അനുമതി തേടിയത്. ഇതിന് മുൻകൂർ അനുമതി വേണ്ടെന്ന് കമ്മിഷൻ കെ.എസ്.ഇ.ബി.യെ വാക്കാൽ അറിയിച്ചിരുന്നു. എന്നാൽ, കമ്മിഷൻ അനുവദിച്ചിട്ടുമാത്രം വാങ്ങിയാൽമതിയെന്നാണ് ബോർഡ് തീരുമാനം. കമ്മിഷൻ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം നൽകിയെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു.

You cannot copy content of this page