ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയ് പള്ളിയിൽ പ്രാർത്ഥിച്ചതിനെതിരെ വിമർശനവുമായി ഡിഎംകെ. യൂദാസിന്റെ ചുംബനത്തിന് സമാനമെന്ന് പി.വിൽസൻ എംപി വിമർശിച്ചു. വിജയിയുടേതും വഞ്ചനയുടെ ചുംബനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എഫ്സിആർഎ ചർച്ചയായപ്പോൾ വിജയ് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് ചോദിച്ച അദ്ദേഹം പള്ളിക്കുള്ളിൽ ഫോട്ടോ എടുത്താൽ ക്രിസ്ത്യാനികൾ വീഴില്ലെന്നും വ്യക്തമാക്കി.
അതേസമയം, ഇഡിക്കെതിരെ ഡിഎംകെ മന്ത്രി കെ.എൻ.നെഹ്‌റു രംഗത്തെത്തി. സ്റ്റാലിനെ തൊടാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ലെന്നും മറ്റ് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ തന്ത്രങ്ങൾ തമിഴ്നാട്ടിൽ ജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനയിലായതിനാൽ ജോലിയ്ക്ക് കോഴയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് തത്ക്കാലം മറുപടിയില്ല. വിജയിയുടെ തിരുച്ചിറപ്പള്ളി മണ്ഡലത്തിൽ ഡിഎംകെ ജയിക്കുമെന്നും ഡെൽറ്റ ജില്ലകൾ ഡിഎംകെ സഖ്യം തൂത്തുവാരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ വോട്ടുറപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് തമിഴ്‌നാട്ടിലേയ്ക്ക് എത്തുന്നുണ്ട്. ഡിഎംകെ സഖ്യത്തിനായി രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും ഇന്ന് പ്രചാരണത്തിനിറങ്ങും. രാഹുൽ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി തുടങ്ങിയ തെക്കൻ ജില്ലകളിലും കെജ്രെവാൾ എം കെ സ്റ്റാലിന് വേണ്ടി വടക്കൻ തമിഴ്നാട്ടിലുമാണ് പ്രചാരണത്തിനെത്തുക. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എൻഡിഎ സ്ഥാനാര്‍ത്ഥികൾക്ക് വേണ്ടി കോയമ്പത്തൂര്‍, ചെന്നൈ ജില്ലകളിൽ പ്രചാരണം നടത്തും. വിജയ് ഇന്ന് രാവിലെ തിരുവല്ലൂരിലും വൈകിട്ട് ചെന്നൈയിലും പര്യടനം നടത്തുമെന്ന് ടിവികെ അറിയിച്ചു.
