ന്യൂഡൽഹി∙ ഇരട്ടവോട്ടു തടയാനായി പോളിങ് സ്റ്റേഷനുകളിൽ ബയോമെട്രിക് തിരിച്ചറിയൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കാൻ സുപ്രീം കോടതി. വിഷയത്തിൽ കേന്ദ്രസർക്കാർ, തിരഞ്ഞെടുപ്പ് കമ്മിഷൻ, വിവിധ സംസ്ഥാനങ്ങൾ എന്നിവരോട് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയിൽ, അടുത്ത പാർലമെന്റ് / നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപായി ബയോമെട്രിക് സംവിധാനം നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്നാവശ്യപ്പെടുന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കാൻ സമ്മതിച്ചത്. നിലവിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഈ നിർദേശം ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. വോട്ടർമാരുടെ തിരിച്ചറിയലിനായി വിരലടയാളവും കണ്ണിലെ കൃഷ്ണമണിയുടെ (ഐറിസ്) സ്കാനിങ്ങും ഉൾപ്പെടുത്തണമെന്നാണ് ഹർജിയിലെ ആവശ്യം.
