ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ആശ്വാസം. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. ട്രയല്‍ കോടതി നടപടികളും അന്വേഷണവും പുരോഗമിക്കട്ടെ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ് നല്‍കി. കാലതാമസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. എട്ടുവര്‍ഷത്തോളം എന്ത് ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയോട് ചോദിച്ചു.
ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 62ാമത്തെ കേസായിട്ടാണ് ഹര്‍ജി പരിഗണനയ്ക്ക് എത്തിയത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരായത്. പരാതിക്കാരിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷക വൃന്ദാ ഗ്രോവറും ഹാജരായി.