Breaking News

സംസ്ഥാനത്ത് മത്സ്യലഭ്യത കുറയുന്നു; മത്തി, അയല, കിളിമീൻ തുടങ്ങിയവയുടെ ലഭ്യതയില്‍ വലിയ കുറവ്, വില ഉയർന്നു

Spread the love

ആലപ്പുഴ ∙ വേനൽ കടുത്തതോടെ തീരക്കടലിൽ മത്സ്യലഭ്യത വൻതോതിൽ കുറയുന്നു. തീരക്കടൽ ചൂടുപിടിക്കുന്നതും വെള്ളത്തിലെ ഓക്സിജന്റെ അളവു കുറയുന്നതും കാരണം മീനുകൾ താരതമ്യേന തണുപ്പുള്ള ആഴക്കടലിലേക്കു പോകുകയാണ്. ഉപരിതല മത്സ്യങ്ങളായ മത്തി, അയല, കിളിമീൻ തുടങ്ങിയവയുടെ ലഭ്യതയിലാണു വലിയ കുറവുണ്ടായത്. ഇതോടെ വിപണിയിൽ വിലയും ഉയർന്നു.

വേനൽക്കാലത്തു പൊതുവേ മീൻ കുറയാറുണ്ടെങ്കിലും ഇത്തവണ വലിയ തോതിൽ മീൻ കുറഞ്ഞെന്നു കുഫോസ് വൈസ് ചാൻസലർ പ്രഫ. എ.ബിജുകുമാർ പറഞ്ഞു. ചൂട് കൂടുന്നതു തീരക്കടലിനെയാണു വേഗം ബാധിക്കുക. ഇതോടെ മീനുകൾ തണുപ്പുള്ള ആഴക്കടലിലേക്കു പോകും. ഇപ്പോൾ ആഴക്കടലിൽ മീൻ പിടിക്കുന്ന ട്രോളർ ബോട്ടുകൾക്ക് അയലയും മത്തിയും ധാരാളമായി കിട്ടുന്നതു തന്നെ ഇതിനു തെളിവാണ്. അല്ലെങ്കിൽ ട്രോളർ ബോട്ടുകൾക്ക് ഇവ തീരെ കുറവേ കിട്ടാറുള്ളൂ.

ചൂട് കൂടുതൽ ഉയർന്നാൽ സ്ഥിതി രൂക്ഷമാകും. ചൂടു കൂടുമ്പോൾ വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയും. ഇതോടെ ഓക്സിജൻ തീരെ കുറവായ മേഖലകൾ (ഓക്സിജൻ മിനിമം സോൺ) രൂപപ്പെടും. അവിടെ നിന്നു മീനുകൾ മറ്റിടങ്ങളിലേക്കു പോകും. ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്ന മീനുകൾ മാത്രം ഈ ഭാഗത്തേക്കു വരും. കാര്യമായ വേനൽമഴ ലഭിച്ചാലേ ഇതിനൊരു പരിഹാരമാകൂ. ഇല്ലെങ്കിൽ മഴക്കാലത്തുമാത്രമേ മീനുകൾ തിരികെയെത്തൂ.

താപനില താരതമ്യേന കുറഞ്ഞിരിക്കുമെന്നു കണക്കാക്കി പുലർച്ചെയാണു മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ പോകുന്നത്. പക്ഷേ തീരെക്കുറവ് മീനാണു കിട്ടുന്നതെന്ന് അവർ പറയുന്നു. അതിനൊപ്പം പാചകവാതകക്ഷാമം കൂടി വന്നതു മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.

You cannot copy content of this page