Breaking News

കർണാടക കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു.നേതൃമാറ്റ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താക്കീതുമായി ഡി.കെ. ശിവകുമാർ

Spread the love


ബംഗളൂരു: മുഖ്യമന്ത്രി പദവി മാറ്റം കോണ്‍ഗ്രസിനുള്ളിലും വൊക്കലിഗ, ലിംഗായത്ത് സമുദായ നേതാക്കള്‍ക്കിടയിലും സജീവ ചർച്ചയായതോടെ നേതൃമാറ്റം സംബന്ധിച്ച്‌ പൊതുയിടങ്ങളില്‍ പ്രസ്താവന നടത്തരുതെന്ന് നേതാക്കള്‍ക്ക് താക്കീതുമായി കർണാടക കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.
ശിവകുമാർ.

പാർട്ടിയില്‍ അച്ചടക്കം പ്രധാനമാണെന്നും നിർദേശം ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാർട്ടി താല്‍പര്യം മുൻനിർത്തി പാർട്ടി പ്രവർത്തകർ വായടക്കണമെന്നും രാഷ്ട്രീയ കാര്യങ്ങളില്‍ ദയവുചെയ്ത് സന്ന്യാസിമാർ ഇടപെടരുതെന്നും ശിവകുമാർ പറഞ്ഞു

കർണാടക മന്ത്രിസഭയില്‍ ഏക ഉപമുഖ്യമന്ത്രിയാണ് വൊക്കലിഗ നേതാവുകൂടിയായ ഡി.കെ. ശിവകുമാർ. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മന്ത്രിസഭയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെ കൂടി നിയമിക്കണമെന്ന് സിദ്ധരാമയ്യ വിഭാഗത്തിലെ ചില എം.എല്‍.എമാർ ആവശ്യപ്പെട്ടതാണ് നേതൃമാറ്റ ചർച്ചക്ക് വഴിമരുന്നിട്ടത്.

വീരശൈവ ലിംഗായത്ത്, പിന്നാക്ക വർഗ, ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യത്തില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്. സിദ്ധരാമയ്യയുടെ അനുയായിയായ സഹകരണ മന്ത്രി കെ.എൻ. രാജണ്ണയാണ് കൂടുതല്‍ ഉപമുഖ്യമന്ത്രിമാർ എന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഇതിനു പിന്നാലെ, സിദ്ധരാമയ്യയും ശിവകുമാറും ഒന്നിച്ചു പങ്കെടുത്ത ചടങ്ങില്‍ വിശ്വ വൊക്കലിഗ മഹാ സമസ്താന മഠാധിപതി ചന്ദ്രശേഖരനാഥ സ്വാമി ശിവകുമാറിന് മുഖ്യമന്ത്രി പദവി എന്ന ആവശ്യവുമായി രംഗത്തുവന്നു.

ഡി.കെ. ശിവകുമാറിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ പദവിയൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രമുഖ വൊക്കലിഗ മഠങ്ങളായ ആദി ചുഞ്ചനഗിരി മഠത്തിലെ നിർമലാനന്ദ സ്വാമി, സപ്തികാപുരി മഠത്തിലെ നഞ്ചവധൂത സ്വാമി തുടങ്ങിയവരും വേദിയിലിരിക്കെയായിരുന്നു ചന്ദ്രശേഖരനാഥ സ്വാമി വിവാദ പ്രസ്താവന നടത്തിയത്.

ഇതോടെ, മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റമുണ്ടാവുകയാണെങ്കില്‍ വീരശൈവ ലിംഗായത്ത് നേതാവിനെ ആ പദവിയിലേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി ലിംഗായത്ത് സ്വാമി ശ്രീശൈല ജഗദ്ഗുരു ഡോ. ചന്ന സിദ്ധരാമ പണ്ഡിതാരാധ്യ ശിവാചാര്യയും രംഗത്തുവന്നു.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ ലിംഗായത്ത് സമുദായം പ്രധാന പങ്കുവഹിച്ചതായും അതിന് പ്രത്യുപകാരമെന്നോണം രാഷ്ട്രീയത്തില്‍ പ്രധാന പദവികള്‍ സമുദായത്തിന് നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലിംഗായത്ത് നേതാക്കളായ എം.ബി. പാട്ടീല്‍, ഈശ്വർ ഖണ്ഡ്രെ, എസ്.എസ്. മല്ലികാർജുൻ, ഷാമന്നുർ ശിവശങ്കരപ്പ തുടങ്ങിയവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യതയുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേതൃമാറ്റ ചർച്ചകള്‍ സജീവമായതോടെയാണ് സിദ്ധരാമയ്യയും ശിവകുമാറും പാർട്ടി അണികളെ വിലക്കിയത്. കെ.എൻ. രാജണ്ണയെ സിദ്ധരാമയ്യ ഫോണില്‍ വിളിച്ച്‌ ഇത്തരം ചർച്ചകളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെക്കുറിച്ചോ ഉപമുഖ്യമന്ത്രിയെക്കുറിച്ചോ ഒരു ചർച്ചയുമില്ലെന്ന് ശിവകുമാർ പ്രതികരിച്ചു. വൊക്കലിംഗ സ്വാമിക്ക് എന്നോടുള്ള ഇഷ്ടംകൊണ്ട് എന്തെങ്കിലും പറഞ്ഞതാവാം. എനിക്കാരുടെയും ശിപാർശ ആവശ്യമില്ല. അവർ അനുഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു ധാരാളം. പാർട്ടിക്കുവേണ്ടി ചെയ്ത പ്രവർത്തനത്തിന് ഫലം ഹൈകമാൻഡ് തീരുമാനിക്കുമെന്നും -ശിവകുമാർ വ്യക്തമാക്കി.

കഴിഞ്ഞവർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വൻ ജയം നേടിയ കോണ്‍ഗ്രസിനെ നയിച്ച ശിവകുമാർ മുഖ്യമന്ത്രി പദത്തിനായി ശ്രമിച്ചെങ്കിലും ഒടുവില്‍ ഹൈകമാൻഡിന്റെ നിർദേശത്തിന് വഴങ്ങുകയായിരുന്നു.

സിദ്ധരാമയ്യയും ശിവകുമാറും രണ്ടര വർഷം വീതം പദവി പങ്കിടാമെന്ന ഫോർമുലയാണ് തീരുമാനമായതെന്ന് പറയപ്പെടുന്നു. എന്നാല്‍, ഇക്കാര്യം പാർട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. കർണാടകയിലെ വിവിധ പദ്ധതികള്‍ സംബന്ധിച്ച്‌ പ്രധാനമന്ത്രിയടക്കമുള്ളവരുമായി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇപ്പോള്‍ ഡല്‍ഹിയിലാണ്.
ജാതി മത സംഘടനകളുടെ ഇടപെടൽ കർണ്ണാടക രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെ എങ്ങനെ നേരിടണമെന്ന ചർച്ചകളിലാണ് കേന്ദ്ര നേതൃത്വം..

You cannot copy content of this page