Breaking News

തിര. കമ്മീഷന്‍ സര്‍ക്കുലറിലെ ബിജെപി സീല്‍ വിവാദം: ബന്ധപ്പെട്ട വിഡിയോകള്‍ റിമൂവ് ചെയ്തില്ല; എക്‌സിനെതിരെ കേസ്

Spread the love

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ച സംഭവത്തില്‍ എക്‌സിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. വീഡിയോ നീക്കം ചെയ്യാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് നടപടി.സീല്‍ വിവാദത്തില്‍ ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടിയും വിശദീകരണവും നല്‍കിയിരുന്നു. അത് സാങ്കേതിക പിഴവായിരുന്നുവെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തെന്നുമായിരുന്നു വിശദീകരണം. ഈ സാങ്കേതിക പിഴവിന്റെ പേരില്‍ കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വ്യാജ വിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൈബര്‍ പൊലീസിനെ സമീപിച്ചത്. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും അധിക്ഷേപിക്കുന്ന വിധത്തിലുള്ള വിഡിയോ നീക്കം ചെയ്യാത്തതിലാണ് ഇപ്പോള്‍ എക്‌സിനെതിരെ പൊലീസ് നടപടിയുണ്ടായിരിക്കുന്നത്. കമ്മീഷന്റെ പരാതി വന്നയുടന്‍ മെറ്റയ്ക്കും എക്‌സിനും സൈബര്‍ പൊലീസ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മെറ്റ ദൃശ്യങ്ങള്‍ റിമൂവ് ചെയ്യുകയും എക്‌സ് വിഡിയോ നീക്കാതിരിക്കുകയും ചെയ്തതിലാണ് നടപടി.

സംഭവത്തിലെ പൊലീസ് ഇടപെടലില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. താന്‍ അല്ല ഇപ്പോള്‍ പോലീസിനെ നിയന്ത്രിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആയിരിക്കും നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നോട്ടീസില്‍ ബിജെപിയുടെ സീല്‍ കണ്ടത് ഗുരുതര വിഷയമാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്നുള്ളതെല്ലാം അവര്‍ വ്യക്തത വരുത്തേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You cannot copy content of this page