കരുളായി: കുടുംബകലഹത്തെത്തുടർന്ന് അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. കരുളായി കുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽ ബാബുവിന്റെ ഭാര്യ തൊണ്ണത്ത് രജില(28)യാണ് മരിച്ചത്. സുനിൽ ബാബുവിന്റെ അമ്മ ശാന്ത(67)യെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വെളുപ്പിന് ആറരയോടെയാണ് സംഭവം. ചായയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പറയുന്നു. ഓട്ടോ തൊഴിലാളിയായ സുനിൽബാബു ഈ സമയം ജോലിക്കുപോയിരുന്നു.
രജിലയും ശാന്തയും രജിലയുടെ രണ്ട് പെൺകുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ ഗ്യാസ് അടുപ്പിൽ ചായ ഉണ്ടാക്കുന്നതിൽ രജിലയും ശാന്തയും തമ്മിൽ വഴക്കുണ്ടായി. ശാന്ത ഉണ്ടാക്കിയ ചായ രജില എടുത്തുകളഞ്ഞതാണ് പ്രകോപനത്തിനു കാരണം. പ്രകോപിതയായ ശാന്ത അരിവാൾ ഉപയോഗിച്ച് രജിലയെ വെട്ടി.
കരച്ചിൽകേട്ട് ഓടിയെത്തിയ നാട്ടുകാർ രജിലയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മഞ്ചേരി മെഡിക്കൽ കോേളജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം വൈകുന്നേരം ആറുമണിയോടെ കൊയലമുണ്ടയിലെ രജിലയുടെ ബന്ധുവീട്ടിലെത്തിച്ചു. ചൊവ്വാഴ്ച ഒൻപതിന് സംസ്‌കരിക്കും. കരുളായിയിൽ താമസിക്കുന്ന രാജൻ-വത്സല ദമ്പതിമാരുടെ മകളാണ് മരിച്ച രജില. മക്കൾ: തീർത്ഥ സുനിൽ, ഹൃദിക സുനിൽ.പൂക്കോട്ടുംപാടം പോലീസ് ഇൻസ്‌പെക്ടർ എം. സനൽരാജ് അറസ്റ്റ്‌ചെയ്ത ശാന്തയെ വൈകുന്നേരത്തോടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. എസ്.ഐ. അബ്ദുൾ നാസർ, എ.എസ്.ഐ. ജാഫർ, സി.പി.ഒ.മാരായ ഷബ്‌ന, ജംഷാദ്, സിയാദ്, ജിഷ, അനിൽ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
