ഗൂഗിൾ ആൻഡ്രോയ്‌ഡ് കേർണൽ “ഓട്ടോഎഫ്‍ഡിഒ” അഥവാ ഓട്ടോമാറ്റിക് ഫീഡ്‌ബാക്ക്-ഡയറക്‌ടഡ് ഒപ്റ്റിമൈസേഷൻ (AutoFDO) ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതായി ആൻഡ്രോയ്‌ഡ് എൽഎൽവിഎം ടൂൾചെയിൻ ടീം വ്യക്തമാക്കി. ഉപയോക്താവിന് നേരിട്ട് കാണാനാവാത്ത ഈ ബാക്ക്‌ഗ്രൗണ്ട് മാറ്റം ആന്‍ഡ്രോയ്‌ഡ് ഫോണിന്‍റെ മൊത്തത്തിലുള്ള പ്രകടനത്തിൽ ശ്രദ്ധേയമായ പുരോഗതി ഉണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്.
സാധാരണയായി ഒരു സ്‍മാർട്ട്ഫോൺ പ്രവർത്തിക്കുമ്പോൾ, സിസ്റ്റം ബാക്ക്‌ഗ്രൗണ്ടില്‍ ആയിരക്കണക്കിന് ചെറിയ തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കും. ഉദാഹരണത്തിന്, ഒരു ഫംഗ്‍ഷൻ ഇൻലൈൻ ചെയ്യണമോ, കണ്ടീഷണൽ സ്റ്റേറ്റ്മെന്‍റിൽ ഏത് ബ്രാഞ്ച് ഉപയോഗിക്കണമോ എന്നിങ്ങനെയള്ള കാര്യങ്ങൾ കോമ്പിലർ തീരുമാനിക്കും. എന്നാൽ ഇത്തരം തീരുമാനങ്ങൾ സാധാരണയായി സ്റ്റാറ്റിക് കോഡ് ഹിന്‍റ്സ് അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ യഥാർഥ ഉപയോഗ സാഹചര്യങ്ങളിൽ ഇവ എപ്പോഴും ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കണമെന്നില്ല.
