Breaking News

‘നെതന്യാഹുവുമായി ചേർന്ന് ആലോചിക്കും’; ഇറാൻ യുദ്ധം എപ്പോൾ തീരും എന്ന ചോദ്യത്തിന് ട്രംപിന്റെ മറുപടി ഇങ്ങനെ …

Spread the love

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചേർന്ന് പരസ്പര ധാരണയോടെയുള്ള തീരുമാനമെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടൈംസ് ഓഫ് ഇസ്രയേലിന്’ നൽകിയ ഹ്രസ്വമായ ടെലിഫോണിക് അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. താനും നെതന്യാഹുവും ഇല്ലായിരുന്നെങ്കിൽ ഇറാൻ ഇസ്രയേലിനെ നശിപ്പിക്കുമായിരുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാൻ ഏകപക്ഷീയമായ തീരുമാനമാണോ അതോ നെതന്യാഹുവുമായി ആലോചിക്കുമോ എന്ന ചോദ്യത്തിന്, ഇതൊരു പരസ്പര തീരുമാനമായിരിക്കും… ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു ട്രംപിന്റെ മറുപടി. എങ്കിലും ശരിയായ സമയത്ത് താൻ തീരുമാനമെടുക്കുമെന്നും നെതന്യാഹുവിന്റെ അഭിപ്രായം കൂടി കണക്കിലെടുക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.

അമേരിക്ക ആക്രമണം നിർത്തിയാലും ഇസ്രയേലിന് യുദ്ധം തുടരാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, അതിന്റെ ആവശ്യം വരുമെന്ന് താൻ കരുതുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ മകൻ മൊജ്താബയെ പുതിയ നേതാവായി നിയമിച്ചതിനെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. വൈറ്റ് ഹൗസിന്റെ അംഗീകാരമില്ലാത്ത ഒരു നേതാവും ഇറാനിൽ അധികകാലം വാഴില്ലെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. മൊജ്താബയുടെ നിയമനത്തെക്കുറിച്ച് “എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം” എന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് അലി ഖമേനി കൊല്ലപ്പെട്ടത്. ഇസ്രയേലിനെ നശിപ്പിക്കാൻ ശ്രമിച്ച ഒരു രാജ്യത്തെ തങ്ങൾ തകർത്തിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

You cannot copy content of this page