ചെന്നൈ: സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് റിലീസ് അനിശ്ചിതമായി നീളുന്ന വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പ് കാണുമെന്നായിരുന്നു സിബിഎഫ്സി റിവൈസിംഗ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം റിവൈസിംഗ് കമ്മിറ്റി ഇന്ന് കാണില്ല എന്നാണ് ഏറ്റവും പുതിയ വിവരം. കമ്മിറ്റിയിൽ ഉള്‍പ്പെട്ട ഒരാൾ രോഗബാധിതൻ ആയെന്നാണ് വിശദീകരണം. ഇന്ന് നിശ്ചയിച്ചിരുന്ന സ്ക്രീനിംഗ് അടക്കമുള്ള നടപടികള്‍ സുഗമമമായി നടന്നാല്‍ ചിത്രം തിയറ്ററുകളിലേക്ക് മെയ് മാസത്തില്‍ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. ഇന്ന് മുടങ്ങിയ സ്ക്രീനിംഗ് ഇനി എന്ന് നടക്കുമെന്ന് അറിവായിട്ടില്ല.
കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി ഒരു മാസം മുന്‍പ് പിന്‍വലിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിടാമെന്നും നിര്‍മ്മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. കോടതിയിലെ നിയമ പോരാട്ടം തുടര്‍ന്നാല്‍ റിലീസ് അനിശ്ചിതത്വം തുടരുമെന്നതാണ് നിര്‍മ്മാതാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സിംഗിള്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയാല്‍ നടപടികള്‍ ആരംഭിക്കാന്‍ തന്നെ ചുരുങ്ങിയത് 20 ദിവസമെങ്കിലുമെടുക്കും. അതിന് ശേഷം സെന്‍സര്‍ ബോര്‍ഡിന് എട്ട് ആഴ്ച വരെ സമയം നല്‍കാന്‍ കോടതിക്ക് സാധിക്കും.
സിംഗിള്‍ ബെഞ്ചില്‍ നിന്ന് ഒരു അനുകൂല ഉത്തരവുണ്ടായാല്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകും. ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് സുപ്രീം കോടതിയിലേക്കും വ്യവഹാരം നീളും. നിയമപോരാട്ടവുമായി മുന്നോട്ട് പോകുന്നപക്ഷം ചിത്രം എപ്പോള്‍ തിയറ്ററുകളില്‍ എത്തിക്കാനാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരും. തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീയതി പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരും. അപ്പോള്‍ കൂടുതല്‍ നിയമ കുരുക്കുകളിലേക്ക് ഇത് കടക്കും. അങ്ങനെ വന്നാല്‍ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് നീളും തെരഞ്ഞെടുപ്പില്‍ ടിവികെയ്ക്ക് തിരിച്ചടി നേരിട്ടാല്‍ വിജയ്ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത ലഭിക്കണമെന്നില്ല. ഇതൊക്കെ മുന്നില്‍ കണ്ടാണ് സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.
