ബാറുകളുടെ പ്രവർത്തന സമയം ഏകീകരിച്ച തീരുമാനം സംബന്ധിച്ച വിവാദത്തെ ശക്തമായി നേരിടാൻ സർക്കാർ. ടൂറിസം മേഖലയിലേത് പോലെ സംസ്ഥാനത്ത് എല്ലായിടത്തും സമയം ദീർഘിപ്പിക്കുന്നതിനെ പ്രതിപക്ഷം അനുകൂലിച്ചത് തുറന്നുപറയും. ആരോപണം ആവർത്തിച്ചാൽ പ്രതിപക്ഷത്ത് നിന്ന് ആരാണ് സംസാരിച്ചതെന്ന കാര്യവും വ്യക്തമാക്കും. സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷത്തെ സമീപിച്ചതായി ബാർ ഉടമകളുടെ സംഘടനയും സ്ഥിരീകരിക്കുന്നുണ്ട്. സമയം ദീർഘിപ്പിക്കുന്ന വിവരം എൽഡിഎഫിൽ ചർച്ച ചെയ്തിരുന്നു എന്ന് സ്ഥിരീകരിച്ച് മുന്നണി നേതൃത്വവും രംഗത്ത് വന്നേക്കും.
തിരഞ്ഞെടുപ്പ് ഡീലെന്ന ആരോപണം ഉന്നയിച്ച് ക്രൈസ്തവസഭകളും പ്രതിപക്ഷവും സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സമയമാറ്റം പ്രതിപക്ഷം കൂടി അറിഞ്ഞാണെന്ന എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ വാദം വി ഡി സതീശൻ തള്ളിയിരുന്നു. ബാറുകളുടെ സമയമാറ്റം ഇന്നുമുതലാണ് നടപ്പാകുക. പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 12 വരെയാക്കി ചട്ടം ഭേദഗതി ചെയ്തതാണ് പ്രതിപക്ഷ വിമർശനത്തിടയാക്കിയത്.
അതേസമയം ബാറുകളുടെ പ്രവർത്തന സമയം കൂട്ടാനുള്ള തീരുമാനം ആസൂത്രിതമെന്നാണ് വേഗത്തിലുള്ള ഫയൽ നീക്കം വ്യക്തമാക്കുന്നത്. പ്രവർത്തന സമയം കൂട്ടാനുള്ള ഉടമകളുടെ ആവശ്യത്തോട് വളരെ വേഗമാണ് സർക്കാർ പ്രതികരിച്ചത്. സെപ്റ്റംബറിൽ ആവശ്യം ഉന്നയിക്കുന്നു. ഒക്ടോബറിൽ ഫയൽ തുറക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 28ന് മുഖ്യമന്ത്രി ഫയൽ വിളിച്ചു വരുത്തി അംഗീകാരം നൽകുന്നു. അങ്ങനെ ചട്ട ഭേദഗതി അതിവേഗം പ്രാബല്യത്തിലാവുകയായിരുന്നു. എന്നാൽ ഫയർനീക്കം വേഗത്തിൽ അല്ലെന്നാണ് മന്ത്രിയുടെ വാദം.
