ദില്ലി: രാജ്യത്ത് കറൻസിയുടെ ഉപയോഗം റെക്കോർഡ് ഉയരത്തിലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഡിജിറ്റൽ പണമിടപാടുകൾ എത്ര കൂടിയാലും ഇന്ത്യക്കാർക്ക് കയ്യിൽ കാശ് വെക്കുന്ന ശീലം കുറയുന്നില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ പറയുന്നു. ഡിജിറ്റൽ പേയ്‌മെന്റുകളിലെ വൻ കുതിച്ചുചാട്ടത്തിനിടയിലും ഈ പ്രവണത ശക്തമായി തുടരുകയാണ്. ഉയർന്ന ഉപഭോഗം, കുറഞ്ഞ പലിശനിരക്ക്, 2000 രൂപ നോട്ടുകൾ പിൻവലിച്ചത് എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
റിപ്പോർട്ട് അനുസരിച്ച്, 2026 ജനുവരിയിൽ രാജ്യത്ത് ഉപയോഗത്തിലുള്ള കറൻസി 40 ലക്ഷം കോടി രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 5.3 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം 11.1 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ 2.76 ലക്ഷം കോടി രൂപയുടെ വർധനവാണ് കറൻസി ഉപഭോഗത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 88,517 കോടി രൂപയായിരുന്നു വിപണിയിലുണ്ടായിരുന്നത്.
ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ഉപഭോഗം വർധിച്ചതാണ് പണത്തിന്റെ ആവശ്യം കൂടാനുള്ള പ്രധാന കാരണം. പലിശനിരക്ക് കുറഞ്ഞത് ഗ്രാമീണ മേഖലയിലുള്ളവരെ കൂടുതൽ പണം ചെലവഴിക്കാൻ പ്രേരിപ്പിച്ചു. അതേസമയം, പ്രത്യക്ഷവും പരോക്ഷവുമായ നികുതിയിളവുകൾ നഗരങ്ങളിലെ ഉപഭോഗം വർധിപ്പിച്ചു. ഇതും കറൻസിയുടെ ആവശ്യം കൂടാൻ കാരണമായി.യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾ അതിവേഗം വളരുകയും പലയിടത്തും പണത്തിന് പകരമാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ സാമ്പത്തിക പ്രവർത്തനങ്ങൾ വർധിക്കുന്നതിനാൽ പണത്തിനായുള്ള മൊത്തത്തിലുള്ള ആവശ്യം കൂടിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു. യുപിഐ ഇടപാടുകളുടെ മൂല്യവും പണത്തിന്റെ ആവശ്യകതയും തമ്മിൽ ഒരു വിപരീത ബന്ധമുണ്ടെന്നും റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. അതായത്, ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുമ്പോൾ ചിലയിടങ്ങളിൽ പണത്തിന്റെ ഉപയോഗം കുറയുന്നുണ്ട്. എന്നാൽ, മൊത്തത്തിലുള്ള ഉപഭോഗ വളർച്ച കറൻസിയുടെ ആവശ്യം ഉയർത്തി നിർത്തുന്നു.
