Breaking News

‘പരലോകത്തും ഇഹലോകത്തുമുള്ള കോണ്‍ഗ്രസുകാരാണ് പോറ്റിയെ കേറ്റിയത്, ഒരുതവണ കൂടി ആ പാട്ടുപാടാന്‍ ധൈര്യമുണ്ടോ?’; സഭയില്‍ മന്ത്രി എം ബി രാജേഷ്

Spread the love

ശബരിമല സ്വര്‍ണക്കൊള്ള സഭയില്‍ ഉന്നയിച്ച് വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ്. പ്രതികള്‍ രക്ഷപ്പെട്ടുപോകണമെന്നും അന്വേഷണം ശരിയായ ദിശയില്‍ നടക്കരുതെന്നുമാണ് പ്രതിപക്ഷ നേതാവ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി രാജേഷ് പറഞ്ഞു. അന്വേഷണം മുന്നോട്ടുപോയാല്‍ പോറ്റി പോയിടത്തെല്ലാം പ്രത്യേക അന്വേഷണസംഘം എത്തും. പ്രതിപക്ഷ നേതാവിന് ഉള്‍ക്കിടിലമുണ്ടാകുന്നുണ്ട്. അതുകൊണ്ടാണ് സഭയില്‍ അദ്ദേഹം ഈ കോപ്രായം മുഴുവന്‍ കാണിക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.പരലോകത്തും ഇഹലോകത്തുമുള്ള കോണ്‍ഗ്രസുകാരാണ് ശബരിമലയില്‍ പോറ്റിയെ കേറ്റിയതെന്ന് വ്യക്തമായെന്നും ഒരിക്കല്‍ കൂടി ആ പാട്ടുപാടാന്‍ അവര്‍ക്ക് ധൈര്യമുണ്ടാകില്ലെന്നും മന്ത്രി എം ബി രാജേഷ് പരിഹസിച്ചു. പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കാരണമാകുമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് പ്രതിപക്ഷ നേതാവിന് ശക്തമായ മറുപടി ലഭിച്ചെന്ന് മന്ത്രി രാജേഷ് സൂചിപ്പിച്ചു. ധൃതിപിടിച്ച് കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതികള്‍ രക്ഷപ്പെട്ടുപോകും എന്നാണ് കോടതി നിരീക്ഷിച്ചത്. പ്രതികള്‍ രക്ഷപ്പെടുക എന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു.

പവിത്രമായ ശബരിമലയില്‍ നടന്ന ഈ സ്വര്‍ണക്കൊളളയില്‍ ജനങ്ങള്‍ക്ക് അങ്ങേയറ്റം ആശങ്കയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ഇന്ന് സഭയില്‍ പറഞ്ഞത്. സ്വാഭാവിക ജാമ്യം നേടി പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ വഴിയൊരുങ്ങുന്നതോടെ തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെടുമെന്നും വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. തൊണ്ടിമുതല്‍ പോലും ഇതുവരെ കണ്ടെത്താന്‍ കഴിയാതെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. പ്രതികള്‍ പുറത്തിറങ്ങിയാല്‍ തെളിവുകള്‍ പോലുമില്ലാതെ കേസ് മാഞ്ഞുപോകും. സിപിഐഎമ്മിന്റെ ഉന്നത നേതാക്കള്‍ അറസ്റ്റിലാകാതിരിക്കാനാണ് അന്വേഷണവും കുറ്റുപത്രവും വൈകിപ്പിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. അന്വേഷണം മുന്നോട്ടുപോയാല്‍ സിപിഐഎം നേതാക്കള്‍ ജയിലിലാകുമെന്ന ഭയം സര്‍ക്കാരിനുണ്ട്. പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

You cannot copy content of this page