Breaking News

നായകനെ വെല്ലുന്ന വില്ലൻ, വാത്സല്യനിധിയായ അച്ഛൻ, തന്ത്രശാലിയായ രാഷ്ട്രീയക്കാരൻ..; നരേന്ദ്രപ്രസാദിനെ ഓര്‍ക്കുമ്പോള്‍…

Spread the love

നടന്‍ ആര്‍ നരേന്ദ്രപ്രസാദ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 22 വര്‍ഷം. നടന്‍ എന്നതിനപ്പുറം നാടകപ്രവര്‍ത്തകനും സാഹിത്യനിരൂപകനും തലമുറകളെ പ്രചോദിപ്പിച്ച അധ്യാപകനുമായിരുന്നു നരേന്ദ്രപ്രസാദ്. മൂന്നരപ്പതിറ്റാണ്ട് മലയാളത്തിന്റെ സാഹിത്യ, സാസ്‌കാരിക മേഖലയിലെ സജീവസാന്നിധ്യമായിരുന്നു നരേന്ദ്രപ്രസാദ്.അക്ഷരാര്‍ത്ഥത്തില്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ആര്‍ നരേന്ദ്രപ്രസാദ്. അധ്യാപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, സാഹിത്യനിരൂപകന്‍, ചലച്ചിത്ര അഭിനേതാവ് തുടങ്ങി പലപല റോളുകളില്‍ വേരോടി നരേന്ദ്രപ്രസാദിന്റെ ജീവിതം. കോളജ് അധ്യാപകനായിരിക്കെ, എണ്‍പതുകളിലാണ് നാടകരംഗത്ത് നരേന്ദ്രപ്രസാദ് സജീവമാകുന്നത്. നാട്യഗൃഹം എന്ന നാടകവേദി സ്ഥാപിച്ച് നാടകസങ്കല്‍പങ്ങളെ മാറ്റിയെഴുതി. 1981-ല്‍ നാട്യഗൃഹം അവതരിപ്പിച്ച സൗപര്‍ണിക ആധുനിക നാടകവേദിയിലെ ദിശാസൂചകമായി. മലയാളത്തിന് നാട്യഗൃഹം നല്‍കിയ സംഭാവനയാണ് ചൊല്‍ക്കാഴ്ച എന്ന പോയട്രി തിയറ്റര്‍.

1989ല്‍ ‘അസ്ഥികള്‍ പൂക്കുന്നു’ എന്ന സിനിമയിലൂടെയാണ് നരേന്ദ്രപ്രസാദിന്റെ അഭ്രപാളിയിലെ അരങ്ങേറ്റം. നായകനെ വെല്ലുന്ന വില്ലന്‍ കഥാപാത്രങ്ങളായും വാത്സല്യനിധിയായ അച്ഛനായും തന്ത്രശാലിയായ രാഷ്ട്രീയക്കാരനായുമെല്ലാം അരങ്ങുതകര്‍ത്തു. നര്‍മ്മരസപ്രധാനമായ കഥാപാത്രങ്ങളും തനിക്ക് അനായാസം വഴങ്ങുമെന്നും തെളിയിച്ചു.

തലസ്ഥാനത്തിലെ പരമേശ്വരനും ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദയും ആറാം തമ്പുരാനിലെ കുളപ്പുള്ളി അപ്പനും മേലേപ്പറമ്പില്‍ ആണ്‍വീടിലെ ത്രിവിക്രമന്‍പിള്ളയും ആലഞ്ചേരി തമ്പ്രാക്കളിലെ ചന്ദ്രപ്പന്‍ ഗുരുക്കളും പൈതൃകത്തിലെ ദേവദത്തന്‍ ചെമ്മാതിരിപ്പാടുമെല്ലാം നരേന്ദ്ര പ്രസാദിന്റെ കൊണ്ടാടപ്പെട്ട വേഷങ്ങളില്‍ ചിലതു മാത്രമാണ്. പൈതൃകത്തിലെ വേഷത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം അദ്ദേഹം നേടി. പതിനാല് വര്‍ഷങ്ങളിലായി നൂറ്റി ഇരുപതിലേറെ സിനിമകളാണ് അദ്ദേഹം ചെയ്തത്.

You cannot copy content of this page