എറണാകുളം ടൗൺ സൗത്ത് പൊലീസിന്റെ സമയോചിത ഇടപെടലിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഗൃഹനാഥൻ പുതുജീവിതത്തിലേക്ക്. നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് 112 ൽ നിന്നും ലഭിച്ച അറിയിപ്പിനെ തുടർന്നാണ് പൊലീസ് രക്ഷാപ്രവർത്തനം നടത്തിയത്. കൊച്ചുകടവന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ആൾതാമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം കാണുന്നെന്നും പൊലീസിന് പാതിരാത്രി ലഭിച്ച കോൾ.
എത്രയും വേഗം എത്തണമെന്ന നിർദേശത്തെ തുടർന്ന് പെട്രോളിങ് ഡ്യൂട്ടിയിലായിരുന്ന സബ് ഇൻസ്‌പെക്ടർ ജയരാജ് പി ജി, സിവിൽ പോലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് ഉടനടി സ്ഥലത്തേക്ക് പുറപ്പെട്ടു. അവിടേക്ക് പാഞ്ഞെത്തിയ പട്രോളിംഗ് ടീം പരിസരവാസികളോട് കാര്യം തിരക്കി. അവരിൽ നിന്നും അവിടെ താമസിച്ചിരുന്നവർ എന്തോ കുടുംബപ്രശ്നങ്ങൾ കാരണം അവിടെ വരാറില്ലെന്നതും, എന്നാൽ ഇന്ന് വൈകുന്നേരം കുടുംബനാഥനെ പരിസരത്ത് കണ്ടതായും മനസ്സിലാക്കിയ ഉടൻ തന്നെ പോലീസ് മതിൽ ചാടി കടന്നു വീടിനടുത്തെത്തി. മുൻവശം ലോക്ക് ആയിരുന്നെങ്കിലും അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു. അകത്ത് കയറിയ പൊലീസ് കണ്ടത് ബെഡ്‌റൂമിൽ കെട്ടിത്തൂങ്ങിയ നിലയിലുള്ള ഒരാളെയാണ്.
അയാൾ പിടയ്ക്കുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ അയാളെ താങ്ങി പിടിച്ച് കെട്ടിത്തൂങ്ങിയിരുന്ന തുണി അറുത്ത് പോലീസ് ജീപ്പിൽ തന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആ സമയത്ത് അവിടെ ഐ സി യു ഒഴിവില്ലാത്തതിനാൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം അയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ അറിയിച്ചു. കെട്ടിത്തൂങ്ങിയതിനാൽ കഴുത്തിൽ പ്രശ്നമുണ്ടാകാതിരിക്കാൻ ഫിലാഡൽഫിയ കോളർ വേണമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച് പൊലീസ് ഫിലാഡൽഫിയ കോളർ തിരക്കി നഗരത്തിൽ രാത്രി പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളിൽ കയറിയിറങ്ങി. ഒടുവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പി ആർ ഒയെ കണ്ട് അവിടെ നിന്നും കോളർ വാങ്ങി ഉടനെ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.ഇതിനിടെ പൊലീസ് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ബന്ധുക്കളെത്തുന്ന വരെ പോലീസ് സംഘം അവിടെ തുടരുകയും ചെയ്തു. കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.
