ഡല്‍ഹിയില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത മുസ്ലീം ലീഗ് ആസ്ഥാനത്ത് സിഎച്ച് മുഹമ്മദ് കോയയുടെ പേരില്‍ ഒരു മുറി പോലും ഇല്ലാത്തത് വിവാദമാകുന്നു. ലീഗ് നേതാവും മകനുമായ എംകെ മുനീര്‍ നേതൃത്വത്തെ പരാതി അറിയിച്ചു. മുസ്ലിം ലീഗ് സിഎച്ചിനെ മറന്നെന്ന് കെടി ജലീല്‍ വിമര്‍ശിച്ചു.
കായിദേ മില്ലത്തിന്റെ പേരില്‍ മുസ്ലീം ലീഗ് ഡല്‍ഹിയില്‍ കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച ഓഫീസിന്റെ പേരിലാണ് പുതിയ വിവാദം. പാണക്കാട്, ഇ അഹമ്മദ്, ബനാത്ത് വാല, പോക്കര്‍ തുടങ്ങിയവരുടെ പേരില്‍ ഹാള്‍ ലൈബ്രറി തുടങ്ങിവ ഉള്ളപ്പോഴാണ് സിഎച്ച് മുഹമ്മദ് കോയയുടെ പേരില്‍ ഒന്നും തന്നെ ഇല്ലാത്തത്. വിഷയത്തില്‍ കെടി ജലീല്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.
കേരളം കണ്ട ഏറ്റവും നല്ല മുസ്ലിം ലീഗുകാരനാണ് സിഎച്ച്. കേരളത്തില്‍ വിഭജനാനന്തരം ഒരേയൊരു മുസ്ലിം ലീഗുകാരനെ ഒരു മുഖ്യമന്ത്രി ആയിട്ടുള്ളൂ. അത് സിഎച്ച് മുഹമ്മദ് കോയ സാഹിബാണ്. ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു സിഎച്ച്. ആ സിഎച്ചിന്റെ പേരില്‍ ഒരു കുളിമുറി പോലും അവിടെയില്ല. അവിലെ പല നേതാക്കളുടെ പേരിലും മുറി ഉണ്ട്. അവരുടെ പേരിലൊക്കെ വേണം. പക്ഷേ, ഒരു ബാത്ത്‌റൂം എങ്കിലും സിഎച്ചിന്റെ പേരില്‍ നിങ്ങള്‍ക്ക് ഉണ്ടാക്കിക്കൂടായിരുന്നോ – അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന്റെ ഏക മുഖ്യമന്ത്രിയും ദേശീയ സെക്രട്ടറിയുമായിരുന്ന സി എച്ചിനെ മറന്നതില്‍ മകന്‍ കൂടിയായ എംകെ മുനീര്‍ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. അദ്ദേഹം നേതൃത്വത്തെ പരാതി അറിയിച്ചു. നേരത്തെ ചെന്നൈയില്‍ നടന്ന മുസ്ലിം ലീഗിന്റെ ദേശീയ സമ്മേളനത്തില്‍ ആദ്യം സിഎച്ചിന്റെ ചിത്രം ഉണ്ടായിരുന്നില്ല. പിന്നീട് ചിത്രം ചേര്‍ക്കുകയായിരുന്നു. സിഎച്ചിനെ ഇത്തരത്തില്‍ നിരന്തരമായി അവഗണിക്കുന്നു എന്ന് ഒരു വിഭാഗം ചൂണ്ടി കാണിക്കുന്നുണ്ട്.
