തിരുവനന്തപുരം: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ഒന്നില്‍ കൂടുതല്‍ യുവതികള്‍ ഗര്‍ഭഛിദ്രത്തിന് ഇരയായതായി അന്വേഷണ സംഘത്തിൻ്റെ നിഗമനം. ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. അന്വേഷണ സംഘം ചികിത്സാ രേഖകള്‍ ശേഖരിക്കും. ഒരു യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയത് ബെംഗളൂരുവിലാണെന്നാണ് കണ്ടത്തല്‍.
യുവതികളുടെ മൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. മൊഴി ലഭിച്ചില്ലെങ്കില്‍ നിയമോപദേശം തേടാനാണ് നീക്കം. ഗര്‍ഭഛിദ്രത്തിന് യുവതിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തിയതിന്റെ തെളിവ് പുറത്തുവിട്ടത് റിപ്പോര്‍ട്ടറാണ്. പിന്നാലെയാണ് ആരോപണങ്ങളില്‍ സമ്മര്‍ദത്തിലായ കോണ്‍ഗ്രസ് രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത്.
ലൈംഗികാരോപണക്കേസില്‍ ഇരകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ വിശദമായ പരിശോധനയ്ക്കുള്ള തയാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. രാഹുലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷണസംഘം പരിശോധിക്കും. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. നാല് വനിതാ മാധ്യമപ്രവര്‍ത്തകരുടെ മൊഴിയെടുക്കും.രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിക്ക് അയച്ച വാട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകള്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ ഡോക്ടറെ കാണേണ്ടതില്ലെന്നും മരുന്ന് കഴിച്ചാല്‍ മതിയെന്നും പറയുന്ന ചാറ്റായിരുന്നു അത്.
ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാമോയെന്നും ഒരിക്കലും ഡോക്ടറെ കാണാതെ അത്തരത്തില്‍ മരുന്നുകള്‍ കഴിക്കരുതെന്നും യുവതി പറയുമ്പോള്‍ ഡോക്ടര്‍ ഉണ്ടായാല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. അമിത രക്തസ്രാവവും മറ്റ് പ്രശ്‌നങ്ങളുമുണ്ടാകുമെന്ന് യുവതി ചൂണ്ടിക്കാട്ടുമ്പോള്‍ ഡോക്ടറെ കാണണം എന്നൊന്നുമില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്.
