Breaking News

സാമ്പത്തിക പ്രതിസന്ധി: പുതിയ വായ്പകളെടുക്കുന്നതിന് കിഫ്ബിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍

Spread the love

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ കിഫ്ബിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. പുതിയ വായ്പകളെടുക്കുന്നതിനാണ് ധനകാര്യ വകുപ്പിന്റെ നിയന്ത്രണം. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന് കൂടുതല്‍ ബാധ്യത ഏറ്റെടുക്കാനാകില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സിപിഐഎം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വായ്പകളെടുക്കുന്നതിന് കിഫ്ബിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിച്ച സാഹചര്യത്തില്‍ അധിക ബാധ്യത കിഫ്ബി ഏറ്റെടുക്കേണ്ടതില്ലെന്നാണ് ധനവകുപ്പ് നിലപാട്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ കിഫ്ബിയുടെ വായ്പ സര്‍ക്കാരിന് ബാധ്യതയാകും. കൂടുതല്‍ വായ്പ സര്‍ക്കാരിന് തന്നെ എടുക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കിഫ്ബിയുടേയും പെന്‍ഷന്‍ കമ്പനിയുടേയും ബാധ്യത സംസ്ഥാനത്തിന്റെ ബാധ്യതയായി കണക്കാക്കുന്ന രീതിയില്‍ കേന്ദ്രം മാറ്റം വരുത്തിയിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടിയാണ് കിഫ്ബി രൂപീകരിച്ചത്.കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ഇതു സാധ്യമായിട്ടുണ്ടെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. കേന്ദ്രത്തില്‍ നിന്നും സഹായം ലഭിക്കുന്നതില്‍ വീണ്ടും ചര്‍ച്ച തുടങ്ങാനും ധനവകുപ്പ് നീക്കം തുടങ്ങി. നിയമപോരാട്ടം വിജയിക്കാന്‍ കാലതാമസമെടുക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ധനവകുപ്പിന്റെ അറിവില്ലാതെയാണ് കേന്ദ്രത്തിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചത്. കിഫ്ബി സി.ഇ.ഒയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ.എം.എബ്രഹാമാണ് ഇതിന് പിന്നിലെന്ന നിലപാടിലാണ് ധനവകുപ്പ്. കേന്ദ്രവുമായുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലെത്തിയപ്പോഴായിരുന്നു സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം.

You cannot copy content of this page