കൊൽക്കത്ത: ഗവർണർ സി.വി ആനന്ദബോസിനെതിരെ നിയമവിധേയമായി വിമർശനമുന്നയിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജിക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കൊൽക്കത്ത ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിക്കരുതെന്നും ജസ്റ്റിസുമാരായ ബിശ്വരൂപ് ചൗധരി, ഐ.പി മുഖർജി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
മുഖ്യമന്ത്രി മമതാ ബാനർജിയും മൂന്ന് തൃണമൂൽ നേതാക്കളും ഗവർണർക്കെതിരെ ആഗസ്റ്റ് 14 വരെ ഒരു പ്രസ്താവനയും നടത്തരുതെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് മമതയും തൃണമൂൽ നേതാവ് കുനാൽ ഘോഷും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
കേസ് വിചാരണക്കാലയളവിൽ എതിർകക്ഷികൾ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തരുതെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ നേരത്തെ കോടതിയിൽ ഹരജി നൽകിയത്. ഇത് അംഗീകരിച്ചാണ് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഗവർണർക്കെതിരെ രാജ്ഭവൻ ജീവനക്കാരി ലൈംഗികാരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ സ്ത്രീകൾക്ക് നിർഭയമായി രാജ്ഭവൻ സന്ദർശിക്കാൻ പറ്റാത്ത സാഹചര്യമാണ് എന്നായിരുന്നു മമതയുടെ വിമർശനം.