Breaking News

കത്ത് ചോര്‍ച്ചാ വിവാദം: ‘എംവി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് വിശദമായ മറുപടി നല്‍കും’; മുഹമ്മദ് ഷര്‍ഷാദ്

Spread the love

സിപിഐഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസിന് വിശദമായ മറുപടി നല്‍കുമെന്ന് ചെന്നൈയിലെ വ്യവസായി മുഹമ്മദ് ഷര്‍ഷാദ്. കുടുംബം തകര്‍ത്തവന്റെ കൂടെ ആണ് പാര്‍ട്ടിയെങ്കില്‍, ആ പാര്‍ട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്ന് ഷര്‍ഷാദ് ഫേസ്ബുക്കില്‍ കുറിച്ചു. ഇനിമുതല്‍ ലൈവും ബ്രെക്കിങ്ങും ചെന്നൈയിയില്‍ നിന്നെന്നും ഭീഷണിയുണ്ട്.

സഖാവ് ഗോവിന്ദന്‍ മാഷിന്റെ വക്കീല്‍ നോട്ടീസ് ഒരു മീഡിയ സുഹൃത്ത് മുഖേന ലഭിച്ചു. എന്റെ അഡ്വക്കേറ്റ് വിശദമായ മറുപടി നല്‍കുന്നതാണ്. ശേഷം കോടതിയില്‍. കുടുംബം തകര്‍ത്തവന്റെ കൂടെ ആണ് പാര്‍ട്ടിയെങ്കില്‍ ആ പാര്‍ട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരും. കുടുബംത്തേക്കാള്‍ വലുതല്ല ഏത് പാര്‍ട്ടി സെക്രട്ടറിയുടെ മകനും. ഇനിമുതല്‍ ലൈവും ബ്രെക്കിങ്ങും ചെന്നൈയിയില്‍ നിന്ന് – ഷര്‍ഷാദ് കുറിച്ചു.

വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം.വി ഗോവിന്ദന്‍ വക്കീല്‍ നോട്ടീസ്അയച്ചത്. പിബിക്ക് നല്‍കിയ പരാതി താനും മകനും ചേര്‍ന്നാണ് ചോര്‍ത്തി നല്‍കിയതെന്ന ആക്ഷേപം മാനഹാനിയുണ്ടാക്കുന്നതും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സമൂഹത്തിലുളള മാന്യത ഇല്ലാതാക്കാനുളള ശ്രമവുമാണെന്നാണ് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുളളത്. നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം, ആരോപണം പിന്‍വലിച്ചും ഖേദം പ്രകടിപ്പിച്ചും പൊതുപ്രസ്താവന നടത്തണം, ഇത് സംബന്ധിച്ച സമൂഹ മാധ്യമ പോസ്റ്റുകളെല്ലാം മായ്ച്ച് കളയണം എന്നീ ആവശ്യങ്ങളും നോട്ടീസില്‍ ഉന്നയിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നാണ് മുന്നറിയിപ്പ്.

പിബിക്ക് നല്‍കിയ പരാതി, പരാതിക്കാരന്‍ തന്നെ മാധ്യമങ്ങള്‍ക്കും അടുപ്പളളവര്‍ക്കും നല്‍കിയിട്ടുളളതാണെന്ന വാദവും നോട്ടീസിലുണ്ട്. പൊതുമധ്യത്തില്‍ ലഭ്യമായ പരാതി ചോര്‍ന്നതെന്ന ആരോപണം നോട്ടീസ് നിഷേധിക്കുന്നു. ഇതേവാദമാണ് ഇന്നലെ രാജേഷ് കൃഷ്ണയും ഉന്നയിച്ചത്.

You cannot copy content of this page