പന്തീരങ്കാവ് ഗാർഹിക പീഡനക്കേസന്വേഷിക്കാൻ ഏഴംഗ പ്രത്യേക സംഘം രൂപീകരിച്ചു. ഫറൂഖ് എസിപി സാജു കെ എബ്രഹാമാണ് അന്വേഷണ സംഘം തലവൻ. പന്തീരങ്കാവ് എസ്എച്ച്ഒ എഎസ് സരിൻ ഉൾപ്പടെ നേരത്തെ കേസ് അന്വേഷിച്ചവരെ കേസിന്റെ ചുമതലയിൽ നിന്നും ഒഴിവാക്കി. ഫറൂഖ് എസിപിക്ക് അന്വേഷണച്ചുമതല നൽകാൻ നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിരുന്നു.
പൊലീസ് വീഴ്ചയിലും അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എം ആർ അജിത് കുമാർ ആണ് പൊലീസ് വീഴ്ചയിൽ അന്വേഷണത്തിന് നിർദേശം നൽകിയത്. പൊലീസ് നടപടി വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിറ്റി പോലീസ് കമ്മീഷണർ ആണ് നിർദേശം നൽകിയത്. കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.