Breaking News

സംസ്ഥാനത്ത് നാലുഡിഗ്രി സെൽഷ്യസ്‌വരെ ചൂട് കൂടും; നാളെ മുതൽ മഴയെത്തും

Spread the love

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അന്തരീക്ഷ താപനില കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്. സാധാരണ അന്തരീക്ഷ താപനിലയെക്കാൾ നാലു ഡി​ഗ്രി വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ചൂട് കൂടുമെന്ന കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ചൊവ്വാഴ്ചവരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രിവരെയാകാം. കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ താപനില 39 ഡിഗ്രിവരെയും ഉയർന്നേക്കും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ താപനില 36 ഡിഗ്രിവരെയും ഉയർന്നേക്കാമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതേസമയം, വിവിധ ജില്ലകളിൽ മഴയ്ക്കുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ബുധനാഴ്ച എറണാകുളം ജില്ലയിലും വ്യാഴാഴ്ച വയനാട് ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

 

ഏഴുമുതൽ ഒൻപതുവരെ തീയതികളിൽ സംസ്ഥാനത്താകെ മഴയ്ക്ക് സാധ്യതയുണ്ട്. പലയിടത്തും ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായമഴയ്ക്ക് സാധ്യത കല്പിച്ചിരിക്കുന്ന രണ്ട് ജില്ലകളിലും 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർമുതൽ 115.5 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

 

ഈ ദിവസങ്ങളിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് തടസ്സമില്ല. ചൊവ്വാഴ്ചവരെ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർവരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർവരെയും വേഗത്തിലുള്ള കാറ്റിന് സാധ്യതയുണ്ട്. ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ട്.

You cannot copy content of this page