പുനലൂർ: പുനലൂർ-ചെങ്കോട്ട റെയിൽവേ വൈദ്യുതീകരണം പൂർത്തിയായാൽ കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകളെത്തും. തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ നിന്നും ചെങ്കോട്ട വഴി കൊല്ലം ജംഗ്ഷനിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുമെന്നാണ് റയിൽവെ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിൽ ദക്ഷിണ റെയിൽവേ ചീഫ് എൻജിനീയർ സോമേഷ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പരിശോധനകൾ നടത്തി. വൈദ്യുതീകരണ ജോലികളിൽ തകരാറുണ്ടോ എന്ന് വിലയിരുത്താനായിരുന്നു അപ്രതീക്ഷിത പരിശോധന നടത്തിയത്.ചെങ്കോട്ടമുതൽ പുനലൂർ വരെയുള്ള 49 കിലോമീറ്റർ ദൂരത്തെ റെയിൽപ്പാതയിലെ ആറു തുരങ്കങ്ങളിലും 50ൽഅധികം വളവുകളിലും നിരവധി പാലങ്ങളിലുമാണ് സംഘം പരിശോധന നടത്തിയത്.
വൈദ്യുതി ലൈനുകളിൽ തകരാർ ഉണ്ടോയെന്ന പരിശോധനയാണ് നടത്തിയത്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പഠനങ്ങളും പരിശോധനകളും മൂന്ന് ദിവസം ഉണ്ടാകും. പരിശോധനയിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ചർച്ച ചെയ്തു പരിഹരിച്ച ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ.
വൈദ്യുതീകരണജോലികൾ പൂർത്തിയായാൽ ചെങ്കോട്ട വഴി തമിഴ്നാട്ടിലേക്കും കൊല്ലത്തേക്കും കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും. നിലവിൽ കൊല്ലം മുതൽ പുനലൂർ വരെ റെയിൽ പാതയിൽ ഒന്നര വർഷം മുമ്പ് വൈദ്യുതീകരണ ജോലികൾ പൂർത്തിയാക്കി ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു. തുടർന്ന് തുരങ്കങ്ങളും കണ്ണറപ്പാലങ്ങളും ഉള്ള ദുർഘട മേഖലയിൽ കഴിഞ്ഞ വർഷമാണ് വൈദ്യുതീകരണ ജോലികൾ ആരംഭിച്ചത്.