കേരളത്തിൽ ഭീകരവാദം പ്രോത്സാഹിപ്പിച്ചത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും; വിമർശിച്ച് അമിത് ഷാ

Spread the love

ആലപ്പുഴ: കേരളത്തിൽ ഭീകരവാദം പ്രോത്സാഹിപ്പിച്ചത് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണെന്ന വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഇരുകൂട്ടരും പ്രീണനം നടത്തുകയാണെന്നും മോദി രാജ്യം ഭരിക്കുന്നിടത്തോളം പിഎഫ്ഐയെ കേരളത്തിൻ്റെ മണ്ണിൽ കാല് കുത്തിക്കില്ലെന്നും അമിത് ഷാ ആലപ്പുഴയിൽ പറഞ്ഞു. ആലപ്പുഴ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

അമ്പലപ്പുഴ , വെങ്കിടാചലപതി, മണ്ണാറശാല ക്ഷേത്രങ്ങൾക്ക് പ്രണാമം അർപ്പിക്കുന്നെന്ന് പറഞ്ഞാണ് അമിത് ഷാ പ്രസം​ഗം തുടങ്ങിയത്. മലയാളത്തിൽ സംസാരിക്കാൻ കഴിയാത്തതിൽ ക്ഷമിക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ശോഭാ സുരേന്ദ്രന് ചെയ്യുന്ന ഓരോ വോട്ടും മോദിയെ വീണ്ടും പ്രധാനമന്ത്രി ആക്കാനുള്ള വോട്ടാണ്. കേരളത്തിലെ കർഷകരും മത്സ്യ തൊഴിലാളികളും മോദിക്ക് ഒപ്പം ചേർന്ന് മുന്നേറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മൂന്ന് മുന്നണികളുണ്ട്. ലോകത്ത് കമ്മ്യൂണിസം അവസാനിച്ചു, രാജ്യത്തും അവസാനിച്ചു കൊണ്ടിരിക്കുന്നു. കോൺഗ്രസ് രാജ്യത്ത് അസ്തമിച്ചിരിക്കുന്നു. ഇത് മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാനുള്ള തിരഞ്ഞെടുപ്പാണ്. രാജ്യത്തെ മൂന്നാം സാമ്പത്തിക ശക്തിയായി വളർത്താനുള്ള തിരഞ്ഞെടുപ്പാണ്. സാങ്കേതിക , ഡിജിറ്റൽ രംഗങ്ങളിൽ ഭാരതത്തെ ഒന്നാമത് ആക്കാനുള്ള തിരഞ്ഞെടുപ്പാണ്. കേരളത്തെ ഹിംസയുടെ പാതയിൽ നിന്നും മോചിപ്പിക്കാനുള്ള തിരഞ്ഞെടുപ്പാണ്. മോദി കേരളത്തിനും രാജ്യത്തിനും സുരക്ഷ ഒരുക്കി. വികസനം കൊണ്ടുവരാനും മോദിക്കേ സാധിക്കൂ. മോദിക്ക് മൂന്നാം തവണയും അധികാരം നൽകിയാൽ കയർ മേഖലക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കും.

ഇൻഡ്യ സഖ്യത്തിന്റെ പൊള്ളത്തരം തുറന്ന് കാട്ടപ്പെട്ടിരിക്കുന്നു. ഇവിടെ തമ്മിലടിക്കുന്നു എന്ന് കാണിക്കുന്ന കമ്യൂണിസ്റ്റും കോൺഗ്രസും ഡൽഹിയിൽ ഒരുമിച്ചാണ്. കരുവന്നൂർ ബാങ്ക് കൊള്ളയടിച്ച കമ്മ്യൂണിസ്സുകാർ സഹകരണ മേഖലയെ തകർത്തു. ഇഡി കരുവന്നൂരിൽ അന്വേഷണം നടത്തുകയാണ്. എല്ലാ നിക്ഷേപകർക്കും പണം മടക്കി കൊടുക്കും. സഹകരണ മേഖലയിലെ എല്ലാ കുഴപ്പക്കാരെയും ശിക്ഷിക്കും.

ആണവ നിലയങ്ങളെ എതിർക്കുന്ന കമ്മ്യൂണിസ്റ്റുകാർ കരിമണൽ ഖനനത്തെ പിന്തുണക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും ഓഫീസിനും എതിരെ അഴിമതി ആരോപണം വന്നപ്പോൾ കോൺഗ്രസ് ഒന്നും മിണ്ടുന്നില്ല. അഴിമതിയെ കോൺഗ്രസും കമ്യൂണിസ്റ്റും പിന്തുണക്കുന്നു എന്നും അമിത് ഷാ ആരോപിച്ചു.

You cannot copy content of this page