Breaking News

‘മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു’ , വിമര്‍ശവുമായി കെ സി വേണുഗോപാല്‍

Spread the love

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചുവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മുനമ്പം വിഷയം വഷളാക്കിയത് സര്‍ക്കാരെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. സര്‍ക്കാരിന് നേരത്തെ പ്രശ്‌നം പരിഹരിക്കാന്‍ ആകുമായിരുന്നുവെന്നും ഇപ്പോഴത്തെ ചര്‍ച്ച നേരത്തെ നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പാണക്കാട് തങ്ങളെ അധിക്ഷേപിക്കുന്നത് ബിജെപിയെ സഹായിക്കാനെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പാണക്കാട് സാദിഖലി തങ്ങളെയാണ് ആക്രമിച്ചിരിക്കുന്നത്. മുനമ്പം വിഷയത്തില്‍ പാണക്കാട് തങ്ങളെ അഭിനന്ദിക്കുമെന്നാണ് കരുതിയത്. എത്ര നിന്ദ്യമായ ഭാഷയിലാണ് മുഖ്യമന്ത്രി തങ്ങളെ വിമര്‍ശിച്ചത്. ഇത് ബോധപൂര്‍വം ചെയ്യുന്നതല്ലേ ? ബിജെപിയുടെ വര്‍ഗീയതയെ ഫണം വിരിച്ച് ആടാന്‍ അനുവദിക്കുകയല്ലേ ചെയ്യുന്നത് – അദ്ദേഹം ചോദിച്ചു.

സന്ദീപ് വാര്യരെ പാര്‍ട്ടിയിലെടുത്തത് എഐസിസിയുടെ അനുമതിയോടെയെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. സന്ദീപ് വാര്യരുടെ പശ്ചാത്തലം ഇനി പ്രസക്തമല്ല. അദ്ദേഹം പഴയ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു കഴിഞ്ഞു. സന്ദീപ് വാര്യരെ എടുത്തത് പാര്‍ട്ടിയുടെ തീരുമാനം. ഇതേപ്പറ്റി പാര്‍ട്ടിയിലുള്ളത് ചെറിയ പ്രശ്‌നങ്ങള്‍ മാത്രം. കോണ്‍ഗ്രസ് ജനാധിപത്യത്തിലെ സൗന്ദര്യമായി അതിനെ കാണുന്നു – കെ സി വേണുഗോപാല്‍ പറഞ്ഞു.

എസ്ഡിപിഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറയാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎംകാര്‍ വോട്ട് ചെയ്താലും വേണ്ടെന്നു പറയില്ലെന്നും കെ.സി വേണുഗോപാല്‍.

You cannot copy content of this page