കൊച്ചി: യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ (95) കാലം ചെയ്തു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ആഴ്ചകളായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരം 5.21 നാണ് മരണം സംഭവിച്ചത്. 1929 ജൂലൈ 22 ന് പുത്തൻകുരിശ് വടയമ്ബാടി ചെറുവിള്ളില്‍ മത്തായി കുഞ്ഞമ്മ ദമ്ബതികളുടെ മകനായിട്ടാണ് അദ്ദേഹം ജനിച്ചത്.
1958 ഒക്ടോബർ 21ന് വൈദികപട്ടം സ്വീകരിച്ചു. 1974ല്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്യപ്പെട്ടു. 1998 ഫെബ്രുവരി 22ന് സുന്നഹദോസ് പ്രസിഡന്റായി. 2000 ഡിസംബർ 27ന് പുത്തൻകുരിശില്‍ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തെരഞ്ഞെടുത്തു.
2002 ജൂലൈ 26ന് ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായി. ആരോഗ്യകാരണങ്ങളാല്‍ 2019 മേയ് ഒന്നിന് ഭരണച്ചുമതലകളില്‍ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് അദ്ദേഹം തുടരുകയായിരുന്നു.