Breaking News

കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി തരൂർ; പാര്‍ട്ടിയുടെ വിമര്‍ശകന് സീറ്റ് കൊടുത്തതില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി സമൂഹമദ്ധ്യമങ്ങളില്‍ പോസ്റ്റ്; തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി കൂടിയായ തരൂര്‍ വീണ്ടും നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറുന്നുവോ ?

Spread the love

തിരുവനന്തപുരം: കോണ്‍ഗ്രസ് പാർട്ടിയെ നിരന്തരം വിമർശിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ജയ്‌പൂർ ഡയലോഗിന്റെ ഡയറക്ടർമാരില്‍ ഒരാളായ സുനില്‍ ശർമയ്ക്ക് പാർട്ടി സീറ്റ് നല്‍കിയതിനെ രൂക്ഷമായി വിമർശിച്ച് തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂർ .
എന്ത് വെളിപാടിന്റെ പേരിലാണ് സുനില്‍ ശർമയ്ക്ക് സീറ്റ് നൽകിയതെന്ന ചോദ്യമാണ് തരൂർ എക്സ് പോസ്റ്റിലൂടെ ഉന്നയിച്ചിരിക്കുന്നത്. ശശി തരൂരിനെ നിരവധി തവണ ജയ്‌പൂർ ഡയലോഗ് അതിന്റെ ചർച്ചകളിലൂടെ ആക്രമിച്ചിട്ടുണ്ട്. ശശി തരൂരിനും രാഹുല്‍ ഗാന്ധിക്കും എതിരേയുള്ള സുനില്‍ ശർമയുടെ മുൻകാല ട്വീറ്റും തരൂർ പങ്കുവച്ചിട്ടുണ്ട്. ജയ്‌പൂർ ലോക്‌സഭാ സീറ്റിലേക്കാണ് പാർട്ടി ഇന്നലെ സുനില്‍ ശർമയുടെ പേര് പ്രഖ്യാപിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധം കോണ്‍ഗ്രസ് പ്രവർത്തകരുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്. ഈ പ്രതിഷേധം ഏറ്റുപിടിച്ചാണ് തരൂർ ഒരിക്കല്‍ കൂടി നേതൃത്വത്തിന്റെ കണ്ണിലെ കരടാകുന്നത്. നേരത്തെ എ ഐ സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച തരൂരിനെ പല മുതിർന്ന നേതാക്കന്മാരും വിമർശിച്ച്‌ രംഗത്ത് വന്നിരുന്നു.

കോണ്‍ഗ്രസ്സുമായി അടുത്ത ബന്ധമുള്ളവരാണ് സുനില്‍ ശർമയുടെ കുടുംബം. കൂടാതെ അദ്ദേഹം സുരേഷ് ഗ്യാൻ വിഹാർ യൂണിവേഴ്‌സിറ്റിയുടെ ചെയർമാനും ചാൻസിലറുമാണ്. എന്നാല്‍ വലതുപക്ഷ ചിന്ത പ്രോത്സാഹിപ്പിക്കുന്ന വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥനായ സഞ്ജയ് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആയ ജയ്‌പൂർ ഡയലോഗുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ് ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് കാരണം. സുനില്‍ ശർമയ്ക്ക് സീറ്റ് നല്‍കിയ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെടുന്ന വിമത പക്ഷത്തോടെപ്പമാണ് ഇപ്പോള്‍ തരൂരും എത്തിയിരിക്കുന്നത്.
ചർച്ചകളില്‍ പാനലിസ്റ്റായി പങ്കെടുക്കും എന്നല്ലാതെ ജയ്‌പൂർ ഡയലോഗിന്റെ മാനേജ്മെന്റുമായി ബന്ധമൊന്നുമില്ലെന്നാണ് സുനില്‍ ശർമ്മയുടെ വിശദീകരണം. എന്നാല്‍ ചില വെബ്സൈറ്റുകള്‍ നല്‍കുന്ന വിവരങ്ങളനുസരിച്ച്‌ സുനില്‍ ശർമ്മ ജയ്‌പൂർ ഡയലോഗിന്റെ 2019 ല്‍ നിയമിച്ച അഞ്ചു ഡയറക്ടർമാരില്‍ ഒരാളാണ്. 2016 മുതലാണ് ജയ്‌പൂർ ഡയലോഗ് പ്രവർത്തിച്ചുവരുന്നത്.

You cannot copy content of this page