Breaking News

കടുത്തുരുത്തിയിൽ വീട്ടിലെ പ്രസവത്തിൽ കുട്ടി മരിച്ച സംഭവം: യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

Spread the love

കടുത്തുരുത്തി (കോട്ടയം): വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാത ശിശുമരിച്ച സംഭവത്തിൽ തിങ്കളാഴ്ച പോലീസ് യുവതിയുടെ മൊഴിയെടുക്കും. കടുത്തുരുത്തി വെള്ളാശേരി ആളുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തികയുടെ (38) മൊഴിയാണ് ഇവർ ചികിത്സയിലുള്ള കോട്ടയം മെഡിക്കൽ കോളേജിലെത്തി രേഖപ്പെടുത്തുക.

നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം അനീഷിന്റെ കുടംബവീടായ ആളുമ്മേൽ വീട്ടിൽ സംസ്‌കരിച്ചു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്‌റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനമെന്ന് വൈക്കം ഡിവൈ.എസ്.പി. കെ. സജീവ് പറഞ്ഞു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറെ നേരിൽകണ്ട് തിങ്കളാഴ്ച ഇക്കാര്യങ്ങൾ രേഖപ്പെടുത്തുമെന്നും ഡിവൈ.എസ്.പി. അറിയിച്ചു.

ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ഞായറാഴ്ച ഫോറൻസിക് സംഘം യുവതിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് കാർത്തികയെ ഇവരുടെ വീട്ടിൽ രക്തസ്രാവമുണ്ടായി അബോധാവസ്ഥയിൽ കിടക്കുന്നനിലയിൽ പരിസരവാസികൾ കണ്ടെത്തിയത്. ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചപ്പോൾ പ്രസവത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകളാണ് യുവതിക്കുള്ളതെന്ന് ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തി. വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽനിന്ന് മരിച്ചനിലയിൽ നവജാതശിശുവിനെ കണ്ടെത്തുകയായിരുന്നു.

ഗർഭിണിയാണെന്ന കാര്യം മറച്ചുവെക്കാനുള്ള നീക്കമാണ് കാർത്തിക നടത്തിയതെന്നും ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികൾ യഥാസമയം ഉന്നത അധികാരികളെ അറിയിച്ചിരുന്നതായും മുൻപഞ്ചായത്തംഗവും നിലവിലെ ആശ പ്രവർത്തകയുമായ ശാന്തമ്മ രമേശൻ പറഞ്ഞു.

You cannot copy content of this page