Breaking News

വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി; രാവിലെ 9 മുതല്‍ അമ്പലപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനം

Spread the love

9 പേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ അപകടത്തില്‍ നടുങ്ങി കേരളം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്. പൊള്ളാച്ചി ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുകയാണ്. ഒന്‍പത് പേരുടേയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. രാവിലെ 9 മണി മുതല്‍ അമ്പലപറമ്പ് ഗവണ്മെന്റ് ഹൈ സ്‌കൂളില്‍ സ്‌കൂളില്‍ പൊതുദര്‍ശനം നടക്കും.ഇന്നലെ വൈകീട്ട് അഞ്ചേ കാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ട്രാവലര്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് പതിമൂന്നാം വളവില്‍ നിന്ന് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ ചികിത്സയില്‍ കഴിയുകയാണ്. പരുക്കേറ്റ മസ്‌നീനെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടേഴ്‌സ് അറിയിക്കുന്നത്.

പാങ്ങ് എല്‍പിഎസിലെ പ്രധാന അധ്യാപിക അജിത, അധ്യാപികമാരായ റംല, സുഹറ, ആശ, അധ്യാപകനായ അബ്ദുല്‍ മജീദ്, മജീദിന്റെ ഭാര്യ റുഖിയ, സ്‌കൂളിലെ പാചക തൊഴിലാളി സാജിത, പാങ്ങ് ജി.യു.പി സ്‌കൂളിലെ അധ്യാപിക ഷക്കീന (ഷക്കീന അടുത്തിടെയാണ് പാങ്ങ് എല്‍പി സ്‌കൂളില്‍ നിന്ന് ജി.യു.പി സ്‌കൂളിലേക്ക് മാറിയത്) സുഹറയുടെ മകനും എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ഹിഷാം എന്നിവരാണ് മരിച്ചത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. മന്ത്രി കൃഷ്ണന്‍കുട്ടി പൊള്ളാച്ചിയിലെത്തി പരുക്കേറ്റ കുട്ടിയെ സന്ദര്‍ശിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കോയമ്പത്തൂര്‍ ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അഴഗരശുവിന് തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കര്‍ നിര്‍ദ്ദേശം നല്‍കി.

You cannot copy content of this page