നിതിൻ രാജിന്റെ വീട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല. ജാതി അധിക്ഷേപം കേരളത്തിൽ ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ പാടില്ല. ലോൺ ആപ്പ് വിഷയം അസംബന്ധമായ കാര്യമാണ്. നിതിന്റെ കുടുംബത്തിന് നിയമനടപടികൾക്കായി എല്ലാവിധ സഹായവും നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എന്ത് ക്രൂരതയാണ് സംഭവിച്ചിരിക്കുന്നത്. ആത്മഹത്യ തന്നെയാണോയെന്ന് കുടുംബത്തിന് സംശയമുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ അതിൽ വ്യക്തത വരുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോളജിൽ ജാതി അധിക്ഷേപം നടക്കുന്നുവെന്ന് പറയുന്നത് അപമാനകരമാണെന്ന് അദേഹം പറഞ്ഞു. യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിതിൻ രാജിന്റെ വീട്ടിലേക്ക് കോളജ് അധികൃതർ ആരും എത്തിയില്ല. എത്ര ക്രൂരമാണ് ഇതെന്ന് അദേഹം ചോദിച്ചു.
പൂക്കോട് സിദ്ധാർത്ഥിന്റെ മരണം എല്ലാവരെയും ഞെട്ടിപ്പിച്ചതാണ്. അവിടെ സിദ്ധാർഥന് നീതി ലഭിച്ചിട്ടില്ല. ആരോപണ വിധേയരെയെല്ലാം തിരിച്ചെടുത്തു. ഇവിടെയും അതെ അവസ്ഥയാണ്. ശക്തമായ നിയമനടപടികൾക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തുവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
