Breaking News

വിദേശത്തുനിന്ന് പണമയച്ചാൽ ഇനി ഉടനെ ഇവിടെ ലഭിക്കും: നിർദേശവുമായി ആർബിഐ

Spread the love

വിദേശത്തുനിന്ന് പണമയച്ചാൽ ഇനി വൈകാതെ നാട്ടിൽ ലഭിക്കും. ഇതുസംബന്ധിച്ച് ആർബിഐ ബാങ്കുകൾക്ക് കർശന നിർദേശം നൽകി. വിദേശത്തുനിന്ന് പണം വന്നാലുടനെ അക്കൗണ്ട് ഉടമയെ അറിയിക്കണം. പല ബാങ്കുകളും നിലവിൽ ഓരോ ദിവസത്തിന്റെയും അവസാനം മാത്രം അക്കൗണ്ട് പരിശോധിക്കുന്ന രീതിയാണ് തുടരുന്നത്. ബാങ്കുകളുടെ ‘നോസ്‌ട്രോ’ അക്കൗണ്ടുകൾ ഒരു മണിക്കൂർ ഇടവിട്ട് പരിശോധിക്കണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം.

അക്കൗണ്ട് ഉടമകൾക്കുള്ള അറിയിപ്പ്

ബാങ്കിന് പണം ലഭിച്ചാലുടൻ ഉപഭോക്താവിനെ അറിയിക്കണം. ബാങ്കിന്റെ പ്രവൃത്തി സമയം കഴിഞ്ഞാണ് സന്ദേശം ലഭിക്കുന്നതെങ്കിൽ അടുത്ത പ്രവൃത്തി ദിവസം തുടക്കത്തിൽതന്നെ ഉപഭോക്താവിന് അറിയിപ്പ് നൽകണം.

നോസ്‌ട്രോ അക്കൗണ്ട്

വിദേശ രാജ്യത്തെ ബാങ്കിൽ ഇന്ത്യയിലെ ബാങ്ക് ആ രാജ്യത്തിന്റെ കറൻസിയിൽ തുടങ്ങിയിട്ടുള്ള അക്കൗണ്ടുകളാണ് ‘നോസ്‌ട്രോ അക്കൗണ്ടുകൾ’. ഈ അക്കൗണ്ടിൽ ലഭിക്കുന്ന പണം സ്ഥിരീകരിക്കുന്നതിനായി ബാങ്കുകൾ ഇനിമുതൽ ഓരോ മണിക്കൂർ ഇടവിട്ടും അക്കൗണ്ടുകൾ പരിശോധിക്കണം. നേരത്തെ പുറത്തിറക്കിയ കരട് രേഖയിൽ 30 മിനിറ്റ് എന്നായിരുന്നു നിർദേശിച്ചിരുന്നതെങ്കിലും പുതിയ വ്യവസ്ഥ പ്രകാരം ഒരു മണിക്കൂറാക്കിയിട്ടുണ്ട്.

അതേ ദിവസം പണം നൽകണം

വിദേശ വിനിമയ വിപണി (Forex market) പ്രവർത്തിക്കുന്ന സമയത്ത് പണം ലഭിച്ചാൽ അതേദിവസംതന്നെ അക്കൗണ്ടിലേക്ക് തുക മാറ്റാൻ ബാങ്കുകൾ ശ്രമിക്കണം. മാർക്കറ്റ് സമയം കഴിഞ്ഞാണ് ലഭിക്കുന്നതെങ്കിൽ അടുത്ത പ്രവൃത്തി ദിവസം തന്നെ ക്രെഡിറ്റ് ചെയ്യണം.

വ്യക്തിഗത താമസക്കാർക്ക് ലഭിക്കുന്ന ഇൻവാർഡ് പേയ്മെന്റുകൾക്കായി ബാങ്കുകൾക്ക് ‘സ്‌ട്രെയിറ്റ്-ത്രൂ പ്രോസസിങ്’ നടപ്പിലാക്കാവുന്നതാണ്.

ബാങ്കുകളുടെ റിസ്‌ക് അസസ്മെന്റിനും ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്ട് (FEMA) 1999 ലെ നിർദേശങ്ങൾക്കും വിധേയമായിട്ടായിരിക്കണം ഇത്.

ഡിജിറ്റൽ ഇന്റർഫേസ്

വിദേശ വിനിമയ ഇടപാടുകൾക്കായി പ്ലാറ്റ്‌ഫോം തയ്യാറാക്കാൻ ആർബിഐ ആവശ്യപ്പെട്ടു. രേഖകൾ സമർപ്പിക്കാനും ഇടപാടുകൾ നിരീക്ഷിക്കാനും ഡിജിറ്റൽ ഇന്റർഫേസുകൾ ഉപഭോക്താക്കൾക്ക് സഹായകരമാകും.

പണം അക്കൗണ്ടിലെത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാണ് ആർബിഐയുടെ ശ്രമം. ആറ് മാസത്തിനുള്ളിൽ ബാങ്കുകൾ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നാണ്‌ നിർദേശം.

You cannot copy content of this page