ചെന്നൈ: നാമനിർദേശ പത്രികകളിലെ പൊരുത്തക്കേടുകൾ തിരുത്തി പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചപ്പോൾ ടി.വി.കെ. നേതാവ് വിജയ്‌ന്റെ ആസ്തി വർധിച്ചു. പുതുക്കിയ സത്യവാങ്മൂലമനുസരിച്ച് അദ്ദേഹത്തിന് 410.59 കോടി രൂപയുടെ ജംഗമവസ്തുക്കളും 220.15 കോടി രൂപയുടെ സ്ഥാവരവസ്തുക്കളുമാണുള്ളത്.
പെരുമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിക്കുന്ന വിജയ് രണ്ടിടത്തു നൽകിയ സത്യവാങ്മൂലങ്ങളിൽ രണ്ടു രീതിയിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്. തന്റെ പേരിൽ ക്രിമിനൽ കേസുകളൊന്നുമില്ലെന്നാണ് പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ പറഞ്ഞത്. എന്നാൽ, രണ്ടുകേസുണ്ടെന്ന് തിരുച്ചിറപ്പള്ളിയിലെ സത്യവാങ്മൂലത്തിൽ പറഞ്ഞു. പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ 52 വയസ്സും തിരുച്ചിറപ്പള്ളിയിൽ 51 വയസ്സുമാണ് കാണിച്ചിരുന്നത്.
സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച പെരമ്പൂരിൽ പുതുക്കിയ പത്രിക നൽകുകയായിരുന്നു. വിജയ്ന്റെ പത്രികയിൽ പിന്താങ്ങിക്കൊണ്ട് ഒപ്പിട്ടയാളാണ് വരണാധികാരി എസ്. ഗീതയ്ക്ക് പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചത്. പത്രികാസമർപ്പണത്തിന്റെ സമയം കഴിയുംമുൻപ് തെറ്റുകൾ കണ്ടെത്തിയതുകൊണ്ടാണ് അവ തിരുത്താൻ കഴിഞ്ഞത്.
പുതുക്കിയ സത്യവാങ്മൂലമനുസരിച്ച് ടി.വി.കെ. നേതാവിന് സ്വർണാഭരണങ്ങളടക്കം 410.59 കോടി രൂപയുടെ ജംഗമ വസ്തുക്കളുണ്ട്. നേരത്തേ, 404.58 കോടി രൂപയുടെ ആസ്തിയാണ് കാണിച്ചിരുന്നത്. നീലങ്കരയിലെയും സാലിഗ്രാമിലെയും വീടുകളടക്കം 220.15 കോടി രൂപയുടെ സ്ഥാവരവസ്തുക്കളാണുള്ളത്. മൊത്തം ആസ്തിയുടെ മൂല്യം 630.74 കോടി രൂപ വരും. ഇതിനുപുറമേ ഭാര്യ സംഗീതയുടെ പേരിൽ 15.76 കോടി രൂപയുടെ ആസ്തികളുണ്ട്. ആദ്യ സത്യവാങ്മൂലത്തിൽ ചേർക്കാൻ വിട്ടുപോയ ക്രിമിനൽ കേസുകളുടെ വിവരങ്ങളും പുതുക്കിയ സത്യവാങ്മൂലത്തിൽ ചേർത്തിട്ടുണ്ട്.
