തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് ഓൺലൈനിലായി പരിശോധിക്കാം. https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ 3 രീതിയിൽ പരിശോധന നടത്താം.
∙ സേർച് ബൈ എപിക്: ഈ ഓപ്ഷനും തുടർന്നു ഭാഷയും തിരഞ്ഞെടുത്ത് എപിക് നമ്പർ (വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ) നൽകുകയും സംസ്ഥാനം തിരഞ്ഞെടുക്കുകയും ചെയ്താൽ വിവരങ്ങൾ ലഭിക്കും.
∙ സേർച് ബൈ ഡീറ്റെയിൽസ്: ഈ ഓപ്ഷനിൽ ആദ്യം സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസ്സ് അല്ലെങ്കിൽ ജനനത്തീയതി എന്നിവ നൽകണം. അടുത്ത കോളത്തിൽ വോട്ടർപട്ടികയിലെ ബന്ധുവിന്റെ പേരു നൽകണം. പിന്നീടു ജില്ലയും നിയമസഭാ മണ്ഡലവും നൽകിയാൽ വിവരങ്ങൾ ലഭിക്കും.
∙ സേർച് ബൈ മൊബൈൽ: വോട്ടർ പട്ടികയുമായി മൊബൈൽ ഫോൺ നമ്പർ ബന്ധിപ്പിച്ചവർക്കാണ് ഈ സൗകര്യം. സംസ്ഥാനം തിരഞ്ഞെടുത്തു ഫോൺ നമ്പർ നൽകിയാൽ ഒടിപി എത്തും. ഇതു നൽകിയാൽ വിവരങ്ങൾ ലഭിക്കും.
പിഡിഎഫും ലഭ്യം
ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്തു പേരു പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. https://voters.eci.gov.in/download-eroll?stateCode=S11ൽ പ്രവേശിച്ചു ജില്ലയും മണ്ഡലവും നൽകിയ ശേഷം ഭാഷ തിരഞ്ഞെടുക്കണം. മണ്ഡലത്തിലെ മൊത്തം ബൂത്തുകളുടെ പട്ടിക തെളിയും. ഇതിൽനിന്ന് ആവശ്യമുള്ള ബൂത്ത് ടിക് ചെയ്ത് ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
