Breaking News

ടൂറിസ്റ്റ് ബസ് കളറാക്കാൻ ഒരുലക്ഷം ഫീസ് ഈടാക്കാൻ നീക്കം

Spread the love

തിരുവനന്തപുരം: ടൂറിസ്റ്റ് ബസിന് കളർ അടിക്കാൻ ഒരുലക്ഷംരൂപ ഫീസ് ഈടാക്കാൻ ശുപാർശ. കഴിഞ്ഞ ഒൻപതിന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ.) നിറംമാറ്റം പരിഗണിച്ചെങ്കിലും തീരുമാനമെടുക്കാതെ സർക്കാരിന് കൈമാറുകയായിരുന്നു.

പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുംമുൻപ് ഗതാഗതവകുപ്പാണ് ഫീസ് ഈടാക്കാൻ തീരുമാനിച്ച് ഫയൽ നിയമവകുപ്പിന് കൈമാറിയത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഇതിൽ തീരുമാനമെടുത്തിട്ടില്ല.

2022 ഒക്ടോബറിൽ ഒൻപത് ജീവനുകൾ നഷ്ടമായ വടക്കഞ്ചേരി ബസ്സപകടത്തെത്തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്. ആന്റണി രാജു ഗതാഗതമന്ത്രിയായിരിക്കെ എടുത്ത തീരുമാനം തുടർന്ന് മന്ത്രിയായ കെ.ബി. ഗണേഷ്‌കുമാർ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു.

ഗണേഷ് കുമാർ മന്ത്രിയായി സ്ഥാനമേറ്റ ശേഷം 2024 ജൂലായിയിൽ നിറംമാറ്റം വീണ്ടും എസ്.ടി.എ.യുടെ പരിഗണനയിൽ എത്തിയെങ്കിലും വിവാദങ്ങളെത്തുടർന്ന് മാറ്റിവെച്ചു. ഇതാണ് രണ്ടാം പിണറായിസർക്കാരിന്റെ അവസാനത്തെ എസ്.ടി.എ. യോഗം പരിഗണിച്ചത്.

അംഗങ്ങൾ നിറംമാറ്റത്തിൽ ഏകാഭിപ്രായത്തിൽ എത്താത്തതിനെത്തുടർന്നാണ് സർക്കാരിന് ഫയൽ തിരികെ കൈമാറിയത്. ഇതിനിടെ ഫീസ് ഈടാക്കാമെന്ന നിർദേശവും ഇടംപിടിച്ചു.മറ്റു ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുംവിധമുള്ള ചിത്രങ്ങളും വർണങ്ങളും ടൂറിസ്റ്റ് ബസുകളിൽ പതിക്കുന്നതിനെ 2019-ൽ ഹൈക്കോടതി വിലക്കിയിരുന്നു. തുടർന്നാണ് ഏകീകൃത നിറം ഏർപ്പെടുത്തിയത്.

ഇതിൽ മാറ്റംവരുന്നത് കോടതി അലക്ഷ്യമാകുമെന്ന ഉപദേശവും ഗതാഗതവകുപ്പിന് ലഭിച്ചിരുന്നു. ഫീസ് ഈടാക്കി നിറംമാറ്റം അനുവദിക്കാനുള്ള നീക്കത്തെ ഒരുവിഭാഗം ബസ്സുടമകളും എതിർക്കുന്നുണ്ട്.

You cannot copy content of this page