Breaking News

ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ല, ജീവനാംശം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ഹൈക്കോടതി

Spread the love

പ്രയാഗ്രാജ്: ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭര്‍തൃ മാതാപിതാക്കള്‍ക്കു മരുമകളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദന്‍ പാല്‍ സിംഗ് ഉത്തരവിൽ വ്യക്തമാക്കി. രാകേഷ് കുമാർ എന്നയാളും ഭാര്യയും മരുമകൾക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ഭര്‍ത്താവിന്റെ മാതാപിതാക്കളെ നോക്കുക എന്നത് ഒരു ധാര്‍മ്മിക കടമയായിരിക്കാം. എന്നാല്‍ നിയമപരമായ പിന്‍ബലം അതിനില്ല. ധാര്‍മ്മികമായ ബാധ്യതകളെ നിയമപരമായി നടപ്പിലാക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മരുമകളുടെ മേല്‍ ഇത്തരമൊരു ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് നിയമ സംവിധാനത്തിന്റെ ലക്ഷ്യമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

ക്രിമിനൽ നടപടിച്ചട്ടം 125-ാം വകുപ്പ് പ്രകാരം സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കൾക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും, ആ നിർവചനത്തിൽ ഭർത്താവിന്റെ മാതാപിതാക്കൾ ഉൾപ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു സ്ത്രീ ജോലി ചെയ്യുന്നുണ്ടെങ്കിൽ പോലും തന്റെ വരുമാനത്തിൽ നിന്ന് ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ അവർ ബാധ്യസ്ഥയല്ലെന്നും, നിയമപ്രകാരം മാതാപിതാക്കൾ എന്ന വാക്കിന് സ്വന്തം അച്ഛനമ്മമാർ എന്ന് മാത്രമേ അർത്ഥമുള്ളൂ എന്നും കോടതി വ്യക്തമാക്കി. മാതാപിതാക്കൾ എന്ന നിർവചനത്തിൽ സ്വന്തം അച്ഛനമ്മമാരാണ് വരുന്നത്, അല്ലാതെ ഭർത്താവിന്റെ മാതാപിതാക്കളല്ല. ഭർത്താവിന്റെ മരണശേഷം മരുമകൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ പോലും, ആ വരുമാനത്തിൽ നിന്ന് ഭർത്താവിന്റെ മാതാപിതാക്കൾക്ക് വിഹിതം നൽകാൻ അവർ ബാധ്യസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി.

You cannot copy content of this page